വിതുര; ഫ്‌ളാറ്റിലും വില്ലയിലുമൊക്കെ താമസിച്ചുമടുത്തവര്‍ക്ക് ഒരു 'ചെയ്ഞ്ചി'നുള്ള അവസരം വനംവകുപ്പ് ഒരുക്കുന്നു. പേപ്പാറ വനം റെയ്ഞ്ച് അധികൃതരാണ് പ്രകൃതിദത്തമായ രീതിയില്‍ ഏറുമാടം പണിതത്. വിതുര-ബോണക്കാട് റോഡരികില്‍ വനവൃക്ഷത്തിന് മുകളില്‍ കാട്ടരുവിക്കരികിലാണ് ഈറ, മുള, കാട്ടുകമ്പുകള്‍ എന്നിവകൊണ്ട് കൂടൊരുക്കിയത്.
പേപ്പാറ റെയ്ഞ്ചിന് കീഴിലുള്ള ബോണക്കാട് ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി (ഇ.ഡി.സി) ക്കാണ് ഏറുമാടത്തിന്റെ ചുമതല. ബോണക്കാട് വനം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ഇ.ഡി.സി.അംഗങ്ങള്‍ വഴികാട്ടും. വൈകീട്ട് വിശ്രമിക്കാന്‍ ഏറുമാടത്തിലെത്തിക്കും. രാത്രി കാവലിന് റോഡിനപ്പുറം മറ്റൊരു ഏറുമാടത്തില്‍ ഇ.ഡി.സിക്കാരുണ്ടാകും. രാത്രി ഭക്ഷണവും ഇവര്‍ നല്‍കും.
ഏറുമാടത്തിന്റെ വാടകനിരക്കും മറ്റും അടുത്തമാസം തീരുമാനിക്കുമെന്ന് വനം റെയ്ഞ്ചധികൃതര്‍ അറിയിച്ചു. ഇ.ഡി.സി. അംഗങ്ങള്‍ക്ക് വരുമാനമാര്‍ഗം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


