പാങ്ങോട്: കൊച്ചുകൂട്ടുകാരുടെ കൂട്ടായ്മയില്‍ രൂപപ്പെട്ട കൊച്ചുസിനിമയ്ക്ക് തുടക്കമായി. പാങ്ങോട് ഗവണ്‍മെന്റ് എല്‍.പി.എസ്സിലെ വിദ്യാര്‍ഥികളാണ് പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ ഹ്രസ്വചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.
പാലോട് ബി.ആര്‍.സി. ട്രെയിനറായ നെല്‍സണ്‍, സ്‌കൂളില്‍ കഥാശില്‍പ്പശാല നടത്തുകയും അഞ്ചാംക്ലാസുകാരി അശ്വിനി മികച്ച ഒരു കഥ തയ്യാറാക്കുകയും ചെയ്തു.
ഈ കഥയാണ് 'സ്‌നേഹദീപം' എന്ന പേരില്‍ ഹ്രസ്വചിത്രമായി നിര്‍മിക്കാന്‍ സ്‌കൂള്‍ പി.ടി.എ.യും അധ്യാപകരും തീരുമാനിച്ചത്. ഞായറാഴ്ച രാവിലെ പാങ്ങോട് ഗവണ്‍മെന്റ് എല്‍.പി.എസ്സില്‍ നടന്ന ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സൈഫുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ ആര്‍. സുഭാഷ്, പി.ടി.എ. പ്രസിഡന്റ് സുനിത, പി.ടി.എ. എക്‌സിക്യൂട്ടീവ് നജീബ് പാങ്ങോട്, അധ്യാപക പ്രതിനിധി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


