WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, April 4, 2014

പോരാട്ടവീര്യവുമായി മുന്നണികള്‍; ആറ്റിങ്ങലിന്റെ മലയോരം ഇളകുന്നു

വിതുര . തിരഞ്ഞെടുപ്പു പ്രചാരണം അവസാന ദിനങ്ങളിലേക്കു കടന്നതോടെ മീനച്ചൂടിനു പോലും തളര്‍ത്താനാവാത്ത പോരാട്ടവീര്യവുമായി വിവിധ മുന്നണികള്‍. പ്രചാരണവഴികളില്‍ ദേശീയ പ്രശസ്തിയുള്ള നേതാക്കളെ മലയോര ഗ്രാമീണ മേഖലകളിലേക്കു കൊണ്ടുവന്നു യോഗങ്ങള്‍ വലിയ സംഭവമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണു യുഡിഎഫ്. 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, വര്‍ക്കല കഹാര്‍ എംഎല്‍എ, കരകുളം കൃഷ്ണപിള്ള തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ ജനവികാരം തങ്ങള്‍ക്കനുകൂലമാക്കി. ഉമ്മന്‍ ചാണ്ടി വെള്ളനാട്ടും രമേശ് ആര്യനാട്ടും സുധീരന്‍ വിതുരയിലും അഭിസംബോധന ചെയ്തതു വന്‍ ജനക്കൂട്ടത്തെയായിരുന്നു. 

അഡ്വ. ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ഥി പര്യടനവും  മലയോര മേഖലയില്‍ ആവേശക്കാഴ്ചയൊരുക്കി. വികസന പ്രശ്നങ്ങളും മതേതരത്വ നിലപാടുകളും പലയിടങ്ങളിലും ചര്‍ച്ചാവിഷയമായി. 'ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ മുഖഛായ മാറ്റുന്നതിനൊരു വോട്ട്..... ബിന്ദുകൃഷ്ണയില്‍ നിന്നു ജനം ഏറെ കേട്ടത് ഈ വാക്കുകളാണ്. 

ദേശീയ പ്രശസ്തിയുള്ള നേതാക്കളെ യുഡിഎഫിനോളം രംഗത്തിറക്കിയിട്ടില്ലെങ്കിലും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.കെ. പത്മനാഭന്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, വി.പി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ എല്‍ഡിഎഫ് 
മലയോര മേഖലയിലേക്കെത്തിച്ചത് അണികളെ ആവേശത്തിലാഴ്ത്തി. വരുംദിവസങ്ങളില്‍ പ്രകാശ് കാരാട്ട്, പന്ന്യന്‍ രവീന്ദ്രന്‍, എസ്. രാമചന്ദ്രന്‍ പിള്ള തുടങ്ങിയവരെത്തുന്നതു പ്രചാരണത്തിന്റെ മൂര്‍ച്ച പതിന്മടങ്ങു വര്‍ധിപ്പിക്കും.

ബിജെപിയാകട്ടെ ശബ്ദപ്രചാരണ പരിപാടികളും തദ്ദേശീയ തിരഞ്ഞെടുപ്പ് യോഗങ്ങളുമായി മലയോര മേഖലയിലെ മുക്കിലും മൂലയിലും സജീവമാണ്. സ്ഥാനാര്‍ഥിയുടെ വരവ് പലയിടങ്ങളിലും ആവേശത്തിരയിളക്കം സൃഷ്ടിക്കുന്നുണ്ട്. മറ്റു പാര്‍ട്ടികളും സ്വതന്ത്രരും മലയോര മേഖലയില്‍ ഏറെ സജീവമായിട്ടില്ല. 

എങ്കിലും പലയിടങ്ങളിലും ഇക്കൂട്ടര്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നുണ്ട്. ദിവസം തോറും കൂടുന്ന ചൂട് തിരഞ്ഞെടുപ്പു ചിന്തകളെയും ചൂടുപിടിപ്പിക്കുന്നതിനാല്‍ ആറ്റിങ്ങല്‍ മണ്ഡലം ഇക്കുറി കാണാനിരിക്കുന്നതു ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ മല്‍സരമായിരിക്കാം.