ടി.ജി. ബേബിക്കുട്ടി
തിരുവനന്തപുരം: സ്ഥാനാര്ത്ഥികളുടെ പര്യടനവും പ്രചാരണവുമൊക്കെ ഓരോ മണ്ഡലത്തിലും രണ്ടും മൂന്നും ഘട്ടം കഴിഞ്ഞുവെന്നാണ് വാര്ത്തകള്. പക്ഷേ ആറ്റിങ്ങല് മണ്ഡലത്തിന്റെ കിഴക്കേ തലയ്ക്കലെ ബോണക്കാട് എസ്‌റ്റേറ്റിലെ തൊഴിലാളികള് ഇതുവരെ ഒരു സ്ഥാനാര്ത്ഥിയേയും നേരില്ക്കണ്ടിട്ടില്ല.വോട്ടുചോദിക്കാന് വരാത്തവര് ജയിച്ചാല് വരുമോ എന്ന് ചോദിച്ചാല്, അത് എം.എല്. എ മാരും വരാറില്ലല്ലോ എന്നാവും.
ആകപ്പാടെ പഞ്ചായത്ത് മെമ്പറെ മാത്രം തികച്ചുകണ്ടിട്ടുള്ള തോട്ടം െതാഴിലാളികള് തമിഴ് കലര്ന്ന മലയാളത്തില് തിരിച്ചു ചോദിക്കുക. വേണമെങ്കില് കറപിടിച്ച മോണകാട്ടി ഒരു പരിഹാസ ചിരിയാകും ചിലരുടെ മറുപടി. വോട്ടുവാങ്ങി ജയിച്ചുപോകുന്നവര് കാണാത്ത വേദന ആ ചിരിയില് കാണാം.
മലയാകെ മലയൊക്കെ തോട്ടങ്ങളായി വ്യാപിച്ചുകിടന്ന തേയിലയും റബ്ബറും ഗ്രാമ്പുവും ഏലവും കുരുമുളകും ഒക്കെ മണക്കുന്ന മലെഞ്ചരിവ്. വനനടുവിലെ എസ്‌റ്റേറ്റിന് ഇന്ന് ആ പഴയ പ്രൗഢിയൊന്നുമില്ല.
പൊതുജനങ്ങള്ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്ത ബോണക്കാട് തോട്ടം മുഴുവന് കാടു പിടിച്ച് നോക്കാനും കാണാനുമാരും ഇല്ലാതെ കിടക്കുന്നു. നുള്ളിയെടുത്ത ഇല േതയിലപ്പൊടിയാക്കുന്ന ഫാക്ടറിക്ക് മുന്നില് നിറയെ തെരുവുപട്ടികളും ചാണകവും. പത്തിരുപത് കൊല്ലമായി അടഞ്ഞുകിടക്കുന്ന ഫാക്ടറിയിലെ ചങ്ങല പോലും തുരുമ്പുതിന്നുതീര്ത്തു.
കമ്പനിയുടെ പുറം ചുമരുകളില് സ്ഥാനാര്ത്ഥികളുടെ പോസ്റ്ററുകള്ക്ക് മാത്രം യാതൊരു പഞ്ഞവുമില്ല.
ഫാക്ടറിയോട് ചേര്ന്നുള്ള സാക്ഷാല് ബോണക്കാട് ഡിവിഷനില് ഇന്നും നൂറിലധികം കുടുംബങ്ങള് കഴിയുന്നുണ്ട്. അതിനും മുകളില് ജി.ബി.ഡിവിഷനില് 45 വീട്ടുകാരും ടോപ് ഡിവിഷനില് 30 ഉം വീട്ടുകാര്.
കണക്കുപറഞ്ഞാല് അരുവിക്കര മണ്ഡലത്തിലെ പതിനെട്ടാം നമ്പര് ബൂത്തായ ബോണക്കാട്ട് വോട്ടുള്ളവര് 784 പേര്. ഭൂരിഭാഗവും സ്ത്രീ വോട്ടര്മാര്.
ഒന്നുമുതല് അഞ്ചുവരെയുള്ള ക്ലാസുകളിലായി മൊത്തം എട്ട് വിദ്യാര്ത്ഥികളും ഹെഡ്മിസ്ട്രസ് അടക്കം രണ്ട് അധ്യാപകരുമുള്ള ബോണക്കാട്ട് ആകെയുള്ള യു. പി. സ്‌കൂളില് വരാന് പോകുന്ന ബൂത്തിലെ വോട്ടുപെട്ടിയില് ഇക്കുറി 450 വോട്ടെങ്കിലും വീഴുമെന്നാണ് എസ്‌റ്റേറ്റ് സൂപ്പര് വൈസറും എല്.ഡി.എഫ് പ്രവര്ത്തകനുമായ മാഹിമിന്റെ വിശ്വാസം.
ബാക്കിയുള്ളവരൊക്കെ തമിഴ്‌നാട്ടിലേക്ക് തിരികെ പോവുകയോ ഉപജീവനത്തിനായി മലയിറങ്ങിപ്പോയവരോ ആണെന്ന് കൂടെയുണ്ടായിരുന്ന മുന് പഞ്ചായത്തംഗവും സോഷ്യലിസ്റ്റ് ജനതാ നേതാവുമായ ഡി. ബാബു കൂട്ടിച്ചേര്ക്കുന്നു.
നാട്ടില് വികസനത്തിന്റെ പെരുമ്പറ കൊട്ടിനടക്കുന്ന രാഷ്ട്രീയക്കാരൊന്നും ബോണക്കാട്ടേക്ക് തിരിഞ്ഞുേനാക്കാറില്ലെങ്കിലും എല്ലാ സ്ഥാനാര്ത്ഥികളുടെയും ബഹുവര്ണ പോസ്റ്ററുകളും ഫ്‌ളക്‌സുകളുമൊക്കെ എല്ലാ കോണിലും എത്തിയിട്ടുണ്ട്. ടോപ്പ് ഡിവിഷനില് ഓടിളകിയും ചുവരിടിഞ്ഞും നില്ക്കുന്ന ലായങ്ങളുടെ ഭിത്തിയില് പോലും പോസ്റ്ററുകള്ക്ക് കുറവില്ല.
തൊഴിലാളി യൂണിയനുകള്‌ക്കൊന്നും ഇവിടെ കുറവില്ലാത്തതിനാല് എല്ലാ പാര്ട്ടിക്കാരും തൊഴിലാളികള്ക്കിടയില് സ്വാധീനം അവകാശപ്പെടുന്നുമുണ്ട്.
ടോപ്പ് ഡിവിഷനിലേക്ക് കുറുക്കുവഴിക്കായി ഒരു പാലവും സ്‌കൂളിന് കമ്പ്യൂട്ടറും ലാപ്‌ടോപുമൊക്കെ നല്കാമെന്ന് നിലവിലുള്ള എം.പി. വാഗ്ദാനം ചെയ്‌തെങ്കിലും ഇതൊന്നും ബോണക്കാട്ട് എത്തിയിട്ടില്ല.
മഹാവീര് പ്ലാന്റേഷന് എന്ന ബോണക്കാട് എസ്‌റ്റേറ്റ് ഇന്ന് നാഥനില്ലാത്ത അവസ്ഥയിലാണ്. എസ്‌റ്റേറ്റിനെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന തൊഴിലാളികള് എങ്ങനെ കഴിയുന്നുവെന്ന് ഇവരുടെ വോട്ടുവാങ്ങി ജയിച്ചുപോയവരും വോട്ടുതേടുന്നവരുമൊന്നും അന്വേഷിക്കാറില്ല. പരിചരണമില്ലാതെ മുറ്റിപ്പോയ േതയിലച്ചെടിയില് നിന്നുള്ള തളിരു നുള്ളി നല്കിയാല് ചെലവിനുള്ള പണം നല്കും. അതും തൊഴിലാളികള് നിലവിളിച്ചാല് മാത്രം. 21 കിലോ ഇല തികഞ്ഞില്ലെങ്കില് അതും വെട്ടിക്കുറയ്ക്കും. കഴിഞ്ഞ നാലാഴ്ചയായി ചെലവ് കാശു കിട്ടുന്നില്ല. എന്നെങ്കിലും കിട്ടുമെന്നാണ് വിശ്വാസമെന്ന് തോട്ടത്തിലെ വരണ്ട കാറ്റില് തൊണ്ട ഇടറി തൊഴിലാളിസ്ത്രീകള് പറയുന്നു. രണ്ട് രൂപ കൊടുത്താല് റേഷനരി കിട്ടുമെന്നതുമാത്രമാ സാറെ ഇപ്പഴത്തെ ആശ്വാസമെന്ന് േതയില കൊളുന്ത് തലയില് നിന്നിറക്കി ഉടുമുണ്ടുകൊണ്ട് വിയര്പ്പ് തുടച്ച് അവര് പറഞ്ഞു. തേയില പീരുമേട്ടിലെ മറ്റൊരു കമ്പനിക്ക് വിറ്റാണ് തൊഴിലാളികള്ക്കുള്ള ചെലവ് ഇപ്പോള് നല്കുന്നത്. വിരമിച്ച തൊഴിലാളികള്ക്ക് പി. എഫ്. പോലെയുള്ള ആനുകൂല്യങ്ങളൊന്നും നല്കിയിട്ടില്ല. വിരമിച്ചെങ്കിലും മറ്റ് മാര്ഗമില്ലാതെ ഇപ്പോഴും തോട്ടം പണിക്ക് ഇറങ്ങുകയാണെന്ന് പറഞ്ഞ് അവര് ദുരിത ജീവിതം വിവരിച്ചു.
ബോണക്കാട് കവലവരെ മാത്രമാണ് വൈദ്യുതി കമ്പിയുള്ളത്. അങ്കണവാടികെട്ടിടം വരെ കമ്പി വലിച്ചെങ്കിലും വീട്ടുവിളക്കുകള് തെളിഞ്ഞിട്ടില്ല. മുകളിലേക്ക് കയറിയാല് ജി.ബി. ഡിവിഷനിലും ടോപ് ഡിവിഷനിലും വൈദ്യുതി വെറും സ്വപ്നമാണ്. ചിലര് കടം വാങ്ങിയ പണം കൊണ്ട് സൗരോര്ജ വിളക്കുകള് തെളിയിച്ചിട്ടുണ്ട്. പത്തും പതിനഞ്ചും കുടുംബങ്ങള്ക്ക് വേണ്ടി പൊട്ടിപ്പൊളിഞ്ഞ ഒരു കക്കൂസ്. അതുകൊണ്ടുതന്നെ മിക്കവര്ക്കും അഭയം േതയിലക്കാടുകള്. പൊട്ടിപ്പൊളിഞ്ഞ ലായം നന്നാക്കണമെന്ന് എസ്‌റ്റേറ്റ് ഓഫീസില് പരാതിപ്പെട്ട് പൊറുതിമുട്ടിച്ചാല് അവര് സഹായത്തിനെത്തും. ആളില്ലാത്ത ലായത്തിലെ പടിയിളക്കി ഓട് ഇട്ടുകൊടുക്കും. അതുംവേണമെങ്കില് വിതുരയില്‌പോയി ആണി വാങ്ങി നല്കിയാല്മാത്രം.

