വിതുര: ജലനിരപ്പ് 107 മീറ്ററെത്തിയ ശനിയാഴ്ച രാത്രി 10.50 ന് പേപ്പാറ ഡാമിലെ നാലുഷട്ടറുകളില്‍ രണ്ടെണ്ണം ഉയര്‍ത്തി. 50 സെ.മീ. മാത്രമാണ് ഉയര്‍ത്തിയത്. 18 മണിക്കൂറിനുശേഷം ഞായറാഴ്ച വൈകീട്ട് 4.30ന് ഡാമിലെ ജലനിരപ്പ് 106.7 മീറ്ററായി. താഴ്ന്നത് 30 സെ.മീറ്റര്‍.
ഒരാഴ്ചമുമ്പ് കരമനയാറ്റില്‍ വെള്ളം പൊങ്ങിയപ്പോഴാണ് വര്‍ഷങ്ങള്‍ക്കുശേഷം പേപ്പാറ ഡാമില്‍ നാല് ഷട്ടറുകളും താഴ്ത്തിയത്. 104.5 മീ. നിരപ്പില്‍ ജലം കവിഞ്ഞൊഴുകിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. മൂന്നുമീറ്റര്‍ ജലമെങ്കിലും കരുതല്‍ സംഭരണം നടത്തണമെന്നായിരുന്നു ഷട്ടര്‍ താഴ്ത്തുമ്പോള്‍ ജലഅതോറിട്ടി തീരുമാനിച്ചത്. എന്നാല്‍ വെള്ളം 2.5 മീ. പൊങ്ങി 107 എത്തുമ്പോള്‍ത്തന്നെ ജലഅതോറിട്ടിക്കുമേല്‍ കടുത്ത സമ്മര്‍ദമായി. ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ള വനം മുങ്ങാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് വനംവകുപ്പില്‍നിന്നാണ് സമ്മര്‍ദമുണ്ടായത്.
110.5 മീ. ജലം സംഭരിക്കാനുള്ള അവകാശം ജലഅതോറിട്ടിക്കുണ്ട്. എന്നാല്‍ ഷട്ടറുകള്‍ സ്ഥിരമായി ഉയര്‍ത്തിവച്ചതിനാല്‍ വൃഷ്ടിപ്രദേശത്ത് മരങ്ങള്‍ വളര്‍ന്ന് കാടായി. തുടര്‍ന്ന് വൃഷ്ടിപ്രദേശത്തിന്റെ അവകാശം വനംവകുപ്പിനുമായി. വന്‍ ജലപ്രവാഹം ഒരുമിച്ചുണ്ടാകാതിരിക്കാനാണ് ഷട്ടറുകള്‍ ഭാഗികമായി ഉയര്‍ത്തിയതെന്ന് ജല അതോറിട്ടി അറിയിച്ചു.