വിതുര. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുകിവന്നു പൊന്നാംചുണ്ട് പാലത്തില്‍ വന്‍മരം കുടുങ്ങിയതോടെ വിതുര-പൊന്നാംചുണ്ട്- പാലോട് റൂട്ടിലെ ഗതാഗതം ഒരു രാത്രി മുടങ്ങി. മരം വിതുര ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന്‍ അധികൃതരെത്തി മുറിച്ചുമാറ്റിയതോടെയാണ്, പന്ത്രണ്ടു മണിക്കൂറുകള്‍ക്കു ശേഷം ഗതാഗതം പുനഃസ്ഥാപിച്ചത്.
ആനപ്പാറ മണലി പാലത്തിനു സമീപം ആറരികത്തു കിടന്നിരുന്ന മൂന്നു മീറ്ററോളം വണ്ണമുള്ള മരമാണു മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്നു മൂന്നു കിലോമീറ്ററോളം വാമനപുരം നദിയിലൂടെ ഒഴുകി പൊന്നാംചുണ്ട് പാലത്തിനു കുറുകെ തങ്ങിനിന്നത്. ഇതേത്തുടര്‍ന്നു രാത്രി മുതല്‍ പിറ്റേന്നു രാവിലെ വരെ ഗതാഗതം തടസ്സപ്പെട്ടു.
വ്യാഴാഴ്ച പാലോട്ടു നിന്നു വിതുരയിലേക്കു വന്ന ബസ് പാലത്തിനപ്പുറം കുടുങ്ങി. പല വാഹനങ്ങളും അപ്പുറവും ഇപ്പുറവുമായി നിര്‍ത്തിയിടേണ്ടിവന്നു. വിതുരയില്‍ നിന്നു പൊന്നാംചുണ്ടിലേക്കു പോകേണ്ടവര്‍ കാല്‍നടയായാണു വ്യാഴാഴ്ച രാത്രി വീടുകളിലേക്കു പോയത്. രണ്ടു മണിക്കൂറിലധികമെടുത്താണു മരത്തടി മുറിച്ചുമാറ്റിയത്. ഫയര്‍ ആന്‍ഡ് റസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ രവീന്ദ്രന്‍ നായര്‍ നേതൃത്വം നല്‍കി.