കല്ലറ: ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെപോയ, സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായ കല്ലറ-പാങ്ങോട് കര്‍ഷക സമരത്തിന് ഇന്ന് 73 ആണ്ടുകള്‍ പൂര്‍ത്തിയാകുന്നു. 1938 സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച കല്ലറ-പാങ്ങോട് പ്രദേശവാസികള്‍ക്കും സ്വന്തം മണ്ണിന്റെ സ്വാതന്ത്യ്രം ആഗ്രഹിച്ചിരുന്നവര്‍ക്കും മറക്കാന്‍ കഴിയുന്നതല്ല.ബ്രിട്ടീഷുകാര്‍ക്കു സഹായമെന്നോണം അന്നത്തെ ദിവാന്റെ ജനങ്ങളോടുള്ള കൊടും ക്രൂരതയ്ക്കെതിരെ പ്രതികരിക്കാന്‍ പ്രദേശവാസികളായ കര്‍ഷകര്‍ കല്ലറ ചന്തയില്‍ ഒത്തുകൂടി.
തുടര്‍ന്നു പാങ്ങോട് സ്റ്റേഷനിലേക്കു കര്‍ഷകര്‍ മാര്‍ച്ച് നടത്തി. പൊലീസും കര്‍ഷകരും തമ്മില്‍ വെടിവയ്പ് നടക്കുകയും കൊച്ചുനാരായണനാശാരി, പ്ളാങ്കീഴില്‍ കൃഷ്ണപിള്ള എന്നിവര്‍ വെടിയേറ്റു മരിക്കുകയുമുണ്ടായി. മരിച്ച കര്‍ഷകരെ പൊലീസ് സ്റ്റേഷനു മുന്നില്‍ സമരക്കാര്‍ സംസ്കരിച്ചു.സംഭവത്തെത്തുടര്‍ന്നു കല്ലറ പാങ്ങോട് പ്രദേശം കുതിരപ്പട്ടാളത്തിന്റെയും പൊലീസിന്റെയും പിടിയിലായി. പാങ്ങോട്ടും വാമനപുരത്തും പ്രത്യേക പൊലീസ് ക്യാംപുകള്‍ തുറന്നു.
ഒറ്റുകാരുടെ സഹായത്തോടെ നാട്ടിലെ ജനജീവിതം അധികാരികള്‍ നരകതുല്യമാക്കി. സമരത്തിലുണ്ടായിരുന്ന പാറനാണന്‍, കുഞ്ഞന്‍പിള്ള, മുഹമ്മദാലി, വാവക്കുട്ടി എന്നിവര്‍ പൊലീസ് ക്യാംപില്‍ മരിച്ചു. പട്ടാളം കൃഷ്ണനെയും കൊച്ചപ്പി പിള്ളയെയും തൂക്കിലേറ്റാന്‍ വിധിച്ചു.1940ല്‍ കയ്യൂര്‍ സമരവും മൊറാഴ സമരവും നടന്നതോടെ തിരുവിതാംകൂര്‍ ഭരണകൂടം പ്രക്ഷോഭകാരികളെ തൂക്കിലേറ്റാന്‍ തീരുമാനിച്ചു. തിരുവിതാംകൂറിലെ ആദ്യ ഇരകളായി കല്ലറ-പാങ്ങോട് കര്‍ഷക സമരത്തില്‍ പങ്കെടുത്ത കൊച്ചപ്പി പിള്ളയെ ഡിസംബര്‍ 17നും പട്ടാളം കൃഷ്ണനെ 18നും തൂക്കിലേറ്റി.
കല്ലറ പാങ്ങോടിന്റെ കര്‍ഷക സമരവും സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമായിത്തീര്‍ന്നെങ്കിലും ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം നേടിയില്ല. സമരത്തിന്റെ ഒാര്‍മകള്‍ പുതു തലമുറയ്ക്കു പകര്‍ന്നുനല്‍കാന്‍ കര്‍ഷക സമരത്തിന്റെ കാതലായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ഷെറീഫ് പാങ്ങോട് രചനയും സംവിധാനവും നിര്‍വഹിച്ച 'അഗ്നിനക്ഷത്രങ്ങളുടെ നാട് എന്ന ചരിത്രനാടകം കഴിഞ്ഞ വര്‍ഷം മുതല്‍ വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിച്ചുവരുകയാണ്.സംഭവത്തിനു കാരണമായ പാങ്ങോട് പൊലീസ് സ്റ്റേഷന്‍ ചരിത്ര മ്യൂസിയവും സ്മാരകവുമായി സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍.