പാലോട്: ബിവറേജസിന്റെ പാലോട്ടെ ചില്ലറ വില്പന ശാലയിലെത്തുന്നവര്‍ മദ്യം വാങ്ങാനായി ക്യൂ നില്‍ക്കുന്നത് റോഡില്‍. ഇത് പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ മത്സരഓട്ടം നടത്തുന്ന പാലോട് - ഇക്ബാല്‍ കോളേജ് റോഡില്‍ അപകടപരമ്പരയ്ക്ക് കാണമാകുന്നു. പാലോട് ടൗണില്‍ നിന്നും നൂറ്റമ്പതുവാര അകലെയാണ് ബിവറേജസിന്റെ ചില്ലറ വില്പനശാല. ഇവിടെ കഴിഞ്ഞ മാസം നടത്തിയ കമ്പിവേലി കെട്ടലാണ് നാട്ടുകാരെ നടുറോഡില്‍ ഇറക്കാന്‍ കാരണം.
മദ്യവില്പനശാലയ്ക്ക് മുമ്പിലുള്ള വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്, മദ്യം വാങ്ങാനെത്തുന്നവരുടെ നീണ്ട നിര എന്നിവ കൂടിയാകുന്നതോടെ അപകടം നിത്യസംഭവമാകുന്നു. രണ്ട് വാഹനങ്ങള്‍ ഒരേസമയം ഓവര്‍ടേക്ക് ചെയ്യേണ്ടി വന്നാല്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് അത്യാഹിതം സംഭവിക്കുമെന്ന കാര്യം ഉറപ്പാണ്.
മദ്യപിച്ച് ലക്കുകെട്ട് ഇവിടെത്തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരും വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍ അശാസ്ത്രീയമായി കമ്പിവേലി തീര്‍ത്തതാണ് ക്യൂ റോഡിലേക്ക് ഇറങ്ങാന്‍ കാരണം. ഇക്ബാല്‍ കോളേജ്, ഇടിഞ്ഞാര്‍, തെന്നൂര്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളെല്ലാം ഈ റോഡില്‍ കൂടിയാണ് യാത്ര.