പെരിങ്ങമ്മല: കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ
ഒരിക്കല്‍പോലും അറ്റകുറ്റപ്പണി നടത്താത്ത റോഡുകളിലൂടെയാണ് ആദിവാസികളുടെ
യാത്ര. നടുവൊടിക്കുന്ന യാത്രയ്ക്ക് അവസാനമില്ലാത്ത സ്ഥിതിയായതോടെ
ഉള്‍പ്രദേശങ്ങളിലെ ഊരുകളില്‍നിന്നും ആദിവാസികള്‍ക്ക് പുറംലോകത്തെത്താന്‍
മാര്‍ഗമില്ലാതാവുകയാണ്. പെരിങ്ങമ്മല, വിതുര ഗ്രാമപ്പഞ്ചായത്തുകളിലെ
ഉള്‍നാടന്‍ ഗ്രാമങ്ങളിലെ റോഡുകളില്‍ പാതിയും തകര്‍ന്ന നിലയിലാണ്.
ഇലഞ്ചിയം-മഞ്ഞണത്തുംകടവ് റോഡ്, ഈട്ടിമൂട്-കാട്ടിലക്കുഴി റോഡ്, ശാസ്താംനട - കൊമ്പിരാന്‍കാല റോഡ്, വേങ്കൊല്ല - ശാസ്താംനട റോഡ്, നെട്ടയം-കല്ലന്‍കുടി റോഡ്, ഇലഞ്ചിയം-പെരുമ്പാറയടി റോഡ് തുടങ്ങിയ ആദിവാസി റോഡുകളെല്ലാം കാല്‍നടയാത്രപോലും അസാധ്യമായ നിലയിലായി. റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടും മരങ്ങള്‍ ഒടിഞ്ഞുവീണും യാത്ര ദുസ്സഹമായതോടെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വിളിച്ചാല്‍പോലും വാഹനങ്ങള്‍ ഓട്ടം വരാതെയായി.
ജില്ലയില്‍ ഏറ്റവുമധികം ആദിവാസികള്‍ ഇടതിങ്ങി പാര്‍ക്കുന്ന ഗ്രാമപ്പഞ്ചായത്താണ് പെരിങ്ങമ്മല. സമീപ പഞ്ചായത്തായ വിതുരയുടെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാല്‍ ആദിവാസി മേഖലയുടെ വികസനകാര്യത്തില്‍ രണ്ടു പഞ്ചായത്തുകളും കാര്യമായ പുരോഗതി നേടിയിട്ടില്ല. ആദിവാസിമേഖലയിലെ റോഡുകളുടെ വികസനത്തിന് വനംവകുപ്പാണ് തടസ്സമെന്ന് ജനപ്രതിനിധികള്‍ പറയുന്നു. നേരത്തെ മന്ത്രി എ.പി.അനില്‍കുമാര്‍ തന്റെ ഫണ്ടില്‍നിന്നും കാട്ടിലക്കുഴി മഞ്ഞണത്തുംകടവ് റോഡിന് അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. മാത്തിമുത്തിയുടെ പേരില്‍ റോഡ് നിര്‍മാണം നടത്തുന്നതിനായിരുന്നു ഈ പണം നല്‍കിയിരുന്നത്. എന്നാല്‍ എട്ടു വര്‍ഷം കഴിഞ്ഞിട്ടും വനംവകുപ്പിന്റെ തടസവാദങ്ങളില്‍പെട്ട് ഈ റോഡിന്റെ പണി ഇഴഞ്ഞുനീങ്ങുകയാണ്.