ചെന്നൈ: സ്വകാര്യ യൂണിവേഴ്‌സിറ്റി നിര്‍മിച്ച ആദ്യ ഉപഗ്രഹമായ
എസ്.ആര്‍.എം. സാറ്റ് ബുധനാഴ്ച ബഹിരാകാശത്തേക്ക്. എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയിലെ
52-ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രണ്ട് വര്‍ഷമെടുത്ത് തയ്യാറാക്കിയ ഉപഗ്രഹം
പി.എസ്.എല്‍.വി. സി. 18 വിക്ഷേപണ വെഹിക്കിളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ
ശ്രീഹരിക്കോട്ടയില്‍ നിന്ന് ആകാശത്തേക്ക് കുതിക്കും. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ
ഓകൈ്‌സഡിന്റെയും നീരാവിയുടെയും അളവ് അറിഞ്ഞ് ഡാറ്റകള്‍ ഭൂമിയിലേക്ക്
ലഭ്യമാക്കുകയാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഉപഗ്രഹത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന ഗ്രൗണ്ട് സ്റ്റേഷന്‍ എസ്. ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുക. ഭൂമിയില്‍ നിന്ന് 867 കിലോമീറ്റര്‍ ഉയരത്തില്‍ 20 ഡിഗ്രി വലത്തോട്ടുള്ള ഭ്രമണപഥത്തില്‍ വിക്ഷേപിക്കപ്പെടുന്ന 10.4 കിലോ ഭാരമുള്ള ഉപഗ്രഹത്തില്‍ മൂന്ന് സോളാര്‍ പാനലുകളുണ്ടാകും. വിദ്യാര്‍ഥികള്‍തന്നെ രൂപ കല്പനചെയ്ത് നിര്‍മിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ഉപഗ്രഹം ഐ.എസ്.ആര്‍.ഒ.യുടെ അംഗീകാരത്തോടെയാണ് വിക്ഷേപണം നടത്തുന്നതെന്ന് എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ടി.ആര്‍. പച്ചമുത്തു പറഞ്ഞു.
ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷത്തോളം ഉപഗ്രഹം പൂര്‍ണ പ്രവര്‍ത്തനക്ഷമമായിരിക്കും. പകല്‍ സോളാര്‍ പാനലില്‍ നിന്നുള്ള ഊര്‍ജത്തിലാണ് ഉപഗ്രഹം ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുക. രാത്രി ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജമുപയോഗിച്ചും പ്രവര്‍ത്തിക്കും.
അടുത്ത രണ്ട് വര്‍ഷത്തിനകം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയുടെ രണ്ടാമത്തെ ഉപഗ്രഹം നിര്‍മിക്കുമെന്ന് അദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ഉപഗ്രഹ വിക്ഷേപണത്തിലൂടെ പുതിയ അധ്യായം എഴുതിചേര്‍ത്തിരിക്കയാണ്-പച്ചമുത്തു പറഞ്ഞു. യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ച ഗ്രൗണ്ട്‌സ്റ്റേഷനില്‍ വിദ്യാര്‍ഥികള്‍ മൂന്ന് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിക്കുക.
വിക്ഷേപണം നടന്ന് ആദ്യ മൂന്ന് ആഴ്ച ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം ബാംഗ്ലൂരിലുള്ള ഐ.എസ്.ആര്‍.ഒ. സെന്‍ററില്‍ നിന്ന് നിരീക്ഷിക്കും. ഐ.എസ്.ആര്‍.ഒ. ശേഖരിക്കുന്ന വിവരങ്ങള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് കൈമാറും. കഴിഞ്ഞ രണ്ടുവര്‍ഷം ദിവസവും ക്ലാസ് കഴിഞ്ഞ് വൈകിട്ട് നാലുമുതല്‍ അര്‍ധരാത്രി രണ്ട് മണിവരെയൊക്കെ പ്രവര്‍ത്തിച്ചാണ് ഉപഗ്രഹം യാഥാര്‍ഥ്യമാക്കിയതെന്ന് ഉപഗ്രഹനിര്‍മാണത്തില്‍ പങ്കാളിയായ അനുഭവ് പറഞ്ഞു.