വിതുര: കടല്‍ വറ്റിക്കുന്ന കന്നിച്ചൂടിന്റെ കാഠിന്യംമൂലം ജലസ്രോതസുകള്‍ വറ്റിവരളുന്നു. കൃഷിയും ഉണങ്ങി നശിച്ചുതുടങ്ങി. പുല്‍ക്കൃഷിയും വ്യാപകമായി കരിഞ്ഞുണങ്ങി. കൊടിയ ചൂടുമൂലം റബറിന്റെ ഉല്‍പാദനവും കുറഞ്ഞു. വാമനപുരം നദിയില്‍ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. പേപ്പാറ ജലസംഭരണിയിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇൌ സ്ഥിതി തുടര്‍ന്നാല്‍ തലസ്ഥാനത്തെ കുടിവെള്ള വിതരണവും വൈദ്യുതി ഉല്‍പാദനവും പ്രതിസന്ധിയിലാകും. കഴിഞ്ഞ വര്‍ഷം ഇൌ അവസരത്തില്‍ കനത്ത മഴയായിരുന്നു.
ഇക്കുറി പൊള്ളുന്ന ചൂടായതോടെ ജനജീവിതവും ദുസ്സഹമായി. കന്നിമാസം അവസാനിക്കാറായെങ്കിലും ചൂടിന് ഒരു കുറവുമില്ല. കത്തുന്ന ചൂടേറ്റതോടെ വെള്ളച്ചാട്ടങ്ങള്‍ മിക്കതും അപ്രത്യക്ഷമായി. നീരുറവകളുടെയും നീര്‍ച്ചാലുകളുടെയും തോടുകളുടെയും സ്ഥിതിയും വിഭിന്നമല്ല. കളകളാരവം മുഴക്കി ഒഴുകിയിരുന്ന കല്ലാര്‍ നദി മെലിഞ്ഞുണങ്ങി. അനിയന്ത്രിതമായ മണലൂറ്റുമൂലം വേനല്‍ക്കാലത്തു നദി നിശ്ചലമാകുകയാണു പതിവ്. നദിയില്‍ ജലനിരപ്പു താഴ്ന്നതോടെ ഒാരത്തുള്ള കിണറുകളിലും മറ്റും വെള്ളം വറ്റിത്തുടങ്ങി.
ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളില്‍ നിന്നു ജലം അപ്രത്യക്ഷമായി. മിക്ക മേഖലയിലും ജനം കുടിനീരിനായി പരക്കംപായുകയാണ്. ബജറ്റുകളില്‍ കുടിനീര്‍ വിതരണത്തിനായി ലക്ഷക്കണക്കിനു രൂപ വകയിരുത്താറുണ്ടെങ്കിലും മിക്ക ജലപദ്ധതികളും യാഥാര്‍ഥ്യമാകാറില്ല. കുടിനീര്‍ ലഭ്യമാക്കുന്നതിനായി നിര്‍മിച്ച കുഴല്‍ക്കിണറുകളും നോക്കുകുത്തിയായി മാറി. വേനല്‍ മൂര്‍ഛിക്കുമ്പോള്‍ ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയാണു മിക്ക പഞ്ചായത്തുകള്‍ക്കും.
തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ കുടിനീര്‍ക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച തൊളിക്കോട്, വിതുര കുടിവെള്ള പദ്ധതിയും കടലാസിലാണ്. ഒരു കോടിയില്‍പ്പരം രൂപയാണു പദ്ധതിക്കായി അനുവദിച്ചത്. പഞ്ചായത്തുകളിലെ മിക്ക ഭാഗത്തും പൈപ്പ്ലൈന്‍ കടന്നുവന്നിട്ടില്ലാത്തതുമൂലം വേനല്‍ക്കാലത്തു കുടിനീരിനായി ജനം നട്ടംതിരിയുകയാണു പതിവ്. തുലാം മാസമെത്തുന്നതോടെ ചൂടിന്റെ ആധിക്യം കുറയുകയും ജലക്ഷാമ പ്രശ്നം തീരുകയും ചെയ്യുമെന്നുള്ള പ്രതീക്ഷയിലാണു ഗ്രാമവാസികള്‍.