നെടുമങ്ങാട്: അവികസിതവും മലയോരപ്രദേശവുമായ കുറുപുഴ കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുള്ള ഒപ്പുശേഖരണ വാരാചരണ പരിപാടി ഇന്നലെ സമാപിച്ചു. വെമ്പ് കൂപ്പ് ജംക്ഷനില്‍ നിന്നാരംഭിച്ച ഒപ്പുശേഖരണ വാരാചരണ പരിപാടിയില്‍ വഞ്ചുവം ഷറഫ്, അഡ്വ. മുജീബ്, ആലുംകുഴി മോഹനചന്ദ്രന്‍, എം.എന്‍. ശശി, താന്നിമൂട് സുധീന്ദ്രന്‍, വഞ്ചുവം മോഹനന്‍, ബാബുരാജ്, ഗീതാ ബാബു, പാണയം അബ്ദുല്‍ സലാം , ചാവറക്കോണം അഷറഫ്, വഞ്ചുവം അഷറഫ്, പനയമുട്ടം അനീഷ് ഖാന്‍, സൂര്യനാരായണന്‍, കൂപ്പില്‍ ബാബുരാജ്, മുരുകന്‍ ആശാരി, റോബിന്‍സണ്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളിലായ് ഒപ്പുശേഖരണത്തിനു നേതൃത്വം നല്‍കി.
കുറുപുഴ വില്ലേജില്‍പ്പെടുന്ന അഞ്ചു വാര്‍ഡും, പനവൂര്‍ വില്ലേജില്‍പ്പെടുന്ന രണ്ടു വാര്‍ഡും, ആനാട് വില്ലേജില്‍പ്പെടുന്ന് മൂന്നു വാര്‍ഡും ഉള്‍പ്പെടുന്നതും വഞ്ചുവം മുക്കാംതോട്, മാങ്കുഴി നട കരിങ്കട, മന്നൂര്‍ക്കോണം, മാങ്കോട്ടുകോണം, തേക്കുംമൂട്, ഭദ്രംവച്ചപ്പാറ, പച്ചുടുമ്പ്, വാഴപ്പാറ, കൊട്ടുതാന്നിമൂട്, വലിയതാന്നിമൂട്, പേരയം ജംക്ഷന്‍, പേരയം തെക്കുംഭാഗം, കുടവനാട്, സമാതിമണ്‍പുറം, പനയമുട്ടം, കുഴിനട, കോതകുളങ്ങര, ചാവറക്കോണം, കൊച്ചുമുക്ക്, മൊട്ടക്കാവ്, പുനവക്കുന്ന്, നെടുംപാറ, കല്ലുവെട്ടാംകുഴി തുടങ്ങിയ പ്രദേശങ്ങള്‍ അതിരായി ഉള്‍പ്പെടുത്തി പുതിയ പഞ്ചായത്ത്
അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു നേരത്തെ പതിനയ്യായിരം പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചിരുന്നു.
അതിനുപുറമെയാണ് ഇപ്പോള്‍ ഇൌ പ്രദേശങ്ങളിലെ പരമാവധി ആളുകളുടെ ഒപ്പുശേഖരണം നടത്തി അധികൃതര്‍ക്കു സമര്‍പ്പിക്കാന്‍ ഒപ്പുശേഖരണ വാരാചരണ പരിപാടി സംഘടിപ്പിച്ചത്. കുറുപുഴ കേന്ദ്രമാക്കി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം 1993 മുതല്‍ ഉന്നയിച്ചുവരുന്നതാണ്. പലപ്പോഴും ഈ ആവശ്യം ഉന്നയിച്ചു പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. നേരത്തെ തദ്ദേശ ഭരണ മന്ത്രിമാരായിരുന്ന വി.കെ.കെ. ബാവയ്ക്കും തുടര്‍ന്നു വന്ന ചെര്‍ക്കളം അബ്ദുല്ല, പാലോളി മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ക്കും നിവേദനം സമര്‍പ്പിച്ചിരുന്നതാണ്. പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യത്തിന് ഉള്‍പ്പെടുത്തിയിരുന്ന സ്ഥലങ്ങള്‍ നെടുമങ്ങാട്, വാമനപുരം നിയോജകമണ്ഡലങ്ങളിലായി കിടക്കുകയായിരുന്നുവെന്നത് ഒരു തടസ്സമായിരുന്നു.
എന്നാല്‍ നിയോജകമണ്ഡലങ്ങള്‍ പുനഃസംഘടിപ്പിക്കപ്പെട്ട ശേഷം മേല്‍പ്പറഞ്ഞ പ്രദേശങ്ങള്‍ പൂര്‍ണമായും പുതിയ വാമനപുരം മണ്ഡലത്തിന്റെ ഭാഗമായിട്ടുണ്ട്. ഇതേത്തുടര്‍ന്നാണു കുറുപുഴ കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് വേണമെന്ന ആവശ്യത്തിനു വീണ്ടും ശക്തിപകരാന്‍ സാഹചര്യം ഒരുങ്ങിയതും കുറുപുഴ പഞ്ചായത്ത് രൂപീകരണ ആക്ഷന്‍ കൌണ്‍സില്‍ ഒപ്പുശേഖരണ പരിപാടിയും ഭീമഹര്‍ജിനല്‍കലുമായി സജീവമായി രംഗത്തിറങ്ങിയതും.