വിതുര: നിരന്തരം ആഭ്യന്തരപ്രശ്നങ്ങള്‍ അരങ്ങേറുകയും മോഷണം വര്‍ധിക്കുകയും ചെയ്യുന്ന വിതുര പഞ്ചായത്തിലെ പൊലീസ് സ്റ്റേഷനില്‍ എത്തുന്ന എസ്ഐ മാരെ അടിക്കടി സ്ഥലംമാറ്റുന്നതുമൂലം മദ്യ, മണലൂറ്റ് മാഫിയകള്‍ തഴച്ചുവളരുകയും സംഘര്‍ഷങ്ങളും അപകടങ്ങളും പതിവാകുകയും ചെയ്യുന്നു. മൂന്നു മാസത്തിനിടയില്‍ മൂന്ന് എസ്ഐമാരെയാണു വിതുര സ്റ്റേഷനില്‍ നിന്നു കടത്തിയത്. ഇപ്പോള്‍ ഒരാഴ്ചയായി എസ്ഐയുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. ചില എസ്ഐമാര്‍ എത്തുമ്പോള്‍ മദ്യ-മണലൂറ്റ് ലോബികള്‍ക്കു ശുക്രദശയാണ്. ശമ്പളത്തിനു പുറമെ ലഭിക്കുന്ന കിമ്പളം പ്രതീക്ഷിച്ചാണ് ഇവര്‍ ഡ്യൂട്ടിനോക്കുന്നത്.
ഇത്തരക്കാര്‍ എത്തുമ്പോള്‍ ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന വാമനപുരം നദിയെ കീറിമുറിച്ചു രാപകല്‍ഭേദമെന്യേ വന്‍തോതില്‍ മണല്‍ കടത്തും. പൊലീസിലും ഫോറസ്റ്റിലും പടി നല്‍കിയാണു മണല്‍കടത്ത്. പൊന്‍മുടി, ബോണക്കാട്, പേപ്പാറ വനമേഖലയില്‍ തമ്പടിച്ചു വന്‍തോതില്‍ ചാരായം വാറ്റി ഒഴുക്കുകയും ചെയ്യാറുണ്ട്. മൂന്നു മാസത്തിനിടയില്‍ തൊളിക്കോട്, വിതുര പഞ്ചായത്തുകളില്‍ അനവധി മോഷണങ്ങള്‍ നടന്നിരുന്നു. പ്രതികള്‍ ഇപ്പോഴും സുഖമായി വിലസുകയാണ്. എസ്ഐമാര്‍ വാഴാത്തതുമൂലം മിക്ക കേസുകളും കടലാസിലാണ്.
അന്വേഷണം പകുതിയാകുമ്പോള്‍ എസ്ഐമാരുടെ കസേര തെറിക്കും. ഇതോടെ അന്വേഷണം
കട്ടപ്പുറത്താകും. ഇതു മോഷ്ടാക്കള്‍ക്കും അനുഗ്രഹമായി മാറുകയാണ്.പൊന്‍മുടി-നെടുമങ്ങാട് റോഡില്‍ വാഹനങ്ങളുടെ അമിതവേഗംമൂലം അപകടങ്ങളും തുടര്‍ക്കഥയായി മാറി. ഹൈവേ പൊലീസുണ്ടെങ്കിലും ചാരായം കയറ്റി അമിതവേഗത്തില്‍ പായുന്ന വാഹനങ്ങളെ കണ്ടഭാവം നടിക്കാറില്ല. ചാരായം കയറ്റി അമിത വേഗത്തില്‍ പാഞ്ഞ വാഹനങ്ങള്‍ ഇടിച്ച് അനവധി പേര്‍ക്കു പരുക്കേറ്റ സംഭവവും ഉണ്ടായി. നേരത്തേ പേപ്പാറയില്‍ പൊലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്നെങ്കിലും അടച്ചു.
പൊന്‍മുടി കല്ലാര്‍ മേഖലയിലെ മദ്യ-മണല്‍ മാഫിയകളെ അമര്‍ച്ചചെയ്യുന്നതിനും അപകടമരണങ്ങള്‍ തടയുന്നതിനുമായി അഞ്ചു വര്‍ഷം മുന്‍പു റൂറല്‍ എസ്പി കല്ലാറില്‍ പൊലീസ് ഒൌട്ട്പോസ്റ്റ് അനുവദിച്ചെങ്കിലും ഒൌട്ട്പോസ്റ്റ് കല്ലാര്‍ നദിയിലെ വെള്ളം പോലെ ഒലിച്ചുപോയി. മുന്‍പു വിതുരയില്‍ സര്‍ക്കിള്‍ സ്റ്റേഷന്‍ അനുവദിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല. പൊന്‍മുടി, വലിയമല, വിതുര സ്റ്റേഷനുകളെ ഉള്‍ക്കൊള്ളിച്ച് ഇവിടെ സര്‍ക്കിള്‍ സ്റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.