പാലോട്: അച്ഛന്റെ കൊലക്കയറില്‍ നിന്നും രക്ഷപ്പെട്ട് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന നന്ദിയോട് ഓരുകുഴി തടത്തരികത്ത് വീട്ടില്‍ നന്ദനയെന്ന അമ്മു (10) ആസ്പത്രിവിട്ടു. കഴുത്തില്‍ കയറുമുറുകിയപ്പോള്‍ ഞരമ്പുകള്‍ക്കുണ്ടായ ക്ഷതം ഗുരുതരമല്ലെന്ന് എസ്.എ. ടി. യിലെ ഡോക്ടര്‍മാര്‍ പറയുന്നു. ആസ്‌പത്രി വിട്ട നന്ദനയെ ലതയുടെ ബന്ധുവീടായ അരുവിപ്പുറത്തേയ്ക്കാണ് കൊണ്ടുപോയത്. നന്ദനയെ കൊലക്കയറില്‍ നിന്നും രക്ഷിച്ച ജ്യേഷ്ഠന്‍ അനന്ദു (17) വിന് കൂട്ട് മുത്തശ്ശി സാവിത്രിയാണ്. ഇവര്‍ സംഭവം നടന്ന കുടുംബ വീട്ടില്‍ തന്നെയാണ് ഇപ്പോഴും.
അനുജത്തിയുടെ നിലവിളി കേട്ട് അര്‍ദ്ധരാത്രി മുറിയിലെത്തിയ അനന്ദു കണ്ടത് നന്ദന അച്ഛന്റെ കൈയിലെ പ്ലാസ്റ്റിക് കയറില്‍ കിടന്ന് പിടയുന്നതാണ്. അമ്മ മരിച്ചുകിടക്കുന്നത് കണ്ടിട്ടും മനോധൈര്യം കൈവെടിയാതെ അച്ഛന്റെ കൈ കടിച്ചുമുറിച്ച ശേഷം അനുജത്തിയെ രക്ഷിക്കാന്‍ അനന്ദു ധീരതകാട്ടി. സ്വന്തം കഴുത്തില്‍ കയര്‍ മുറുകിയപ്പോഴും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കാണിച്ചതിലേറെ അനുജത്തിയെ രക്ഷിക്കാനാണ് അനന്ദു ശ്രമിച്ചത്. അനുജത്തിയെ അച്ഛന്റെ കൈയില്‍ നിന്നും പിടിച്ചുവാങ്ങി മാറോടടുക്കി പുറത്തേക്ക് ഓടുന്നതിനിടയിലാണ് അനന്ദു സ്വന്തം കഴുത്തില്‍ അച്ഛന്‍ കുടുക്കിയ കയര്‍ കടിച്ചുമുറിച്ചത്. ഇതിനിടെ അനന്ദുവിന്റെ പല്ലുകള്‍ക്കും ക്ഷതമേറ്റിരുന്നു. ഒരു നിമിഷം അനന്ദു പകച്ചുനിന്നിരുന്നെങ്കില്‍ മരണത്തിന്റെ എണ്ണം ഇതിലും കൂടിയേനെ. ഭാര്യയേയും രണ്ട് മക്കളേയും കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പിതാവായ സുദര്‍ശനന്റെ പദ്ധതി.
ഇതില്‍ ഭാര്യ ലതാദേവിയെ കഴുത്തില്‍ കയര്‍ മുറുക്കികൊന്ന ശേഷമാണ് മക്കളെ കൊല്ലാന്‍ അച്ഛന്‍ ശ്രമിച്ചത്. കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ പാലോട് സി.ഐ. വി.എസ്. പ്രദീപ്കുമാര്‍ പറഞ്ഞു. അയല്‍ക്കാരേയും ബന്ധുക്കളേയുമടക്കം അമ്പതിലധികം പേരെ ശനിയാഴ്ച ചോദ്യം ചെയ്തുകഴിഞ്ഞു. മരണം നടന്ന മുറിയില്‍ ലതാദേവിയുടെ ഫോണ്‍ എറിഞ്ഞുപൊട്ടിച്ച നിലയിലായിരുന്നു. ഇതിന്റെ സിം കാര്‍ഡ് കണ്ടെടുക്കാനായിട്ടില്ല.
സുദര്‍ശനന്‍േറയും ലതാദേവിയുടെയും ഫോണ്‍ നമ്പരുകള്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇതിന്റെ വിശദ വിവരം ലഭിക്കുമെന്ന് അറിയുന്നു. ഇതോടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകും. അനന്ദുവിനേയും നന്ദനയേയും വരും ദിവസങ്ങളില്‍ പ്രത്യേകം പ്രത്യേകം അന്വേഷണ സംഘം കാണും. ഫോണ്‍ വിളിയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസവും സംഭവത്തിന് ഇടയാക്കിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.