കണ്ണൂര്‍: കണ്ണൂര്‍ കളക്ടറേറ്റ് മൈതാനത്ത് 21,264 ചതുരശ്ര അടിയില്‍ ഒരുക്കിയ പൂക്കളം ഗിന്നസ് വേള്‍ഡ് ഓഫ് റെക്കോഡിലും ലിംകാ ബുക്‌സ് ഓഫ് റെക്കോഡിലും ഇടം നേടിയതായി ഗ്ലോബേഴ്‌സ് എന്‍റര്‍ടെയ്ന്‍മെന്‍റ് സി.ഇ.ഒ അബ്ദുള്‍ സലാം പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ഒമ്പതാമത്തെ ഗിന്നസ് റെക്കോഡും കണ്ണൂരിലെ ആദ്യത്തെ ഔദ്യോഗിക ഗിന്നസ് റെക്കോഡുമാണിത്. പൂക്കളത്തിനു വേദിയായ, 28000 ചതുരശ്ര അടിയില്‍ തൂണുകളില്ലാതെ നിര്‍മിച്ച പന്തല്‍ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയതായും അദ്ദേഹം അറിയിച്ചു.
പൂക്കളം വന്‍ വിജയമാക്കിയവരെ ആദരിക്കാന്‍ ഒക്ടോബര്‍ 25ന് വൈകിട്ട് അഞ്ചിന് 'ഗ്ലോബേഴ്‌സ് ഗിന്നസ് ആന്‍ഡ് ദിവാലി നൈറ്റ്' എന്ന പരിപാടി കണ്ണൂര്‍ കളക്ടറേറ്റ് മൈതാനത്ത് സംഘടിപ്പിക്കും. ഒക്ടോബര്‍ 23ന് വിളംബര ഘോഷയാത്ര സംഘടിപ്പിക്കുമെന്നും സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടെന്നും അബ്ദുള്‍ സലാം അറിയിച്ചു. ഗ്ലോബേഴ്‌സ് പ്രോജക്ട് മാനേജര്‍ എം.പി.രഞ്ജിത്തും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഫോണ്‍: 9526644554, 9605716666.