WELCOME
Thursday, October 27, 2011
''തറയില്‍ കിടന്ന് കരഞ്ഞിട്ടും അവര്‍ തല്ല് നിര്‍ത്തിയില്ല''
വിതുര: ''പോലീസ് സ്റ്റേഷനിലെ തറയില്‍ വീണുകിടന്ന് കരഞ്ഞുപറഞ്ഞിട്ടും അവര്‍ സിനുവിനെ തല്ലുന്നത് നിര്‍ത്തിയില്ല'' - പറയുന്നത് വിതുര പോലീസ് സിനുവിനൊപ്പം അറസ്റ്റ് ചെയ്ത വിജീഷ്, അയല്‍വാസിയുടെ മരണത്തെക്കുറിച്ച് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു.
''സ്റ്റേഷനില്‍ എത്തിയ ഉടനെ സിനുവിനെ ആദ്യം തല്ലിയത് എസ്.ഐ ആയിരുന്നു. പിന്നീട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ തല്ലി. ഇതിനിടെ മഫ്ടി വേഷത്തിലെത്തിയ ഒരുദ്യോഗസ്ഥനും അടി തുടങ്ങി. കുനിച്ചുനിര്‍ത്തി നടുവില്‍ ഇടിച്ചതിന് പുറമെ ബൂട്ട് കൊണ്ട് വാരിയെല്ലില്‍ ചവിട്ടുകയും ചെയ്തു. അടിക്കാതിരിക്കാന്‍ തറയില്‍ വീണുകിടന്ന് കരഞ്ഞുപറഞ്ഞപ്പോള്‍ വലിച്ചുപിടിച്ച് എണീപ്പിച്ചതിന് ശേഷമായിരുന്നു മര്‍ദനം''-വിജീഷ് പറയുന്നു.
''എന്നെ തല്ലരുത്, എന്റെ ജോലി നഷ്ടപ്പെടു''മെന്ന് പറഞ്ഞ് സിനു കരഞ്ഞപ്പോള്‍ നീ കൂലിത്തല്ലുകാരനല്ലേയെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു പോലീസുകാര്‍ മര്‍ദനം തുടര്‍ന്നതെന്ന് വിജീഷ് പറയുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് വിജീഷ് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ട് ഒരാളെ മാത്രം തല്ലേണ്ട ആവശ്യം എന്താണെന്ന് വിതുര എസ്.ഐ ആര്‍. രാജേഷ് ചോദിക്കുന്നു. സ്ഥിരം മദ്യപാനിയായ സിനു മുമ്പ് രണ്ടുകേസുകളില്‍ പ്രതിയാണ്. ആത്മഹത്യാപ്രവണതയുള്ള സിനു മുമ്പും തൂങ്ങിമരിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി എസ്.ഐ പറഞ്ഞു. ആര്‍. രാജേഷ് വിതുര എസ്.ഐയായി ചുമതലയേറ്റ ദിവസമാണ് സിനുവിനെ അറസ്റ്റ് ചെയ്തത്. ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന് അഭിമതനല്ലാത്തതിനെ തുടര്‍ന്നാണ് പഴയ എസ്.ഐയെ മാറ്റി പുതിയ ആളെ വിതുരയില്‍ കൊണ്ടുവന്നത്.