വിതുര: പോലീസ് കസ്റ്റഡിയിലെടുത്ത സെക്യൂരിറ്റി ജീവനക്കാരന്‍ എസ്.എം.സിനു തൂങ്ങിമരിച്ച സംഭവത്തില്‍ വിതുര എസ്.ഐ.ആയിരുന്ന രാജേഷിനെ ബലിയാടാക്കാന്‍ നീക്കം നടക്കുന്നതായി പരാതി. ക്രൂര മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതായി പരാതിയുയര്‍ന്ന രണ്ട് പോലീസുകാര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുമ്പോള്‍ എസ്.ഐ.രാജേഷിനെ സംഭവദിവസം തന്നെ സസ്‌പെന്‍ഡ് ചെയ്തു. സിനുവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍എത്തിച്ചശേഷം എസ്.ഐ. വീണ്ടും പുറത്തുപോയ സമയത്തായിരുന്നു മര്‍ദ്ദനമെന്ന് സാക്ഷി വിജീഷ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ആത്മഹത്യചെയ്യാന്‍ തീരുമാനിക്കാന്‍ തക്കവണ്ണം സിനുവിനെ മാനസികമായും ശാരീരികമായും തകര്‍ത്ത പോലീസ് മര്‍ദനത്തില്‍ ചെറിയൊരു പങ്കേ എസ്.എ.രാജേഷിന് ഉള്ളൂവെന്ന് സിനുവിന്റെ ഉറ്റ സുഹൃത്തും സാക്ഷിയുമായ വിജീഷ് പറയുന്നു. സ്റ്റേഷനില്‍ എത്തിയശേഷം സിനുവിനെ ചെകിട്ടത്ത് തല്ലിയ എസ്.ഐ. ഉടന്‍ തന്നെ പട്രോളിങ്ങിന് പോവുകയായിരുന്നു.
പിന്നീട് ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന എ.എസ്.ഐ. ജയകുമാര്‍, പാറാവ് ചുമതല നോക്കിയിരുന്ന ഗിരീശന്‍, ജി.ഡി.ചുമതല വഹിച്ചിരുന്ന സെല്‍വന്‍ എന്നിവര്‍ ചേര്‍ന്ന് സിനുവിനെ ക്രൂരമായി തല്ലിയെന്ന് വിജീഷ് മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ എ.എസ്.ഐ ജയകുമാറിനെ എസ്.ഐ.യ്‌ക്കൊപ്പം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സിനു മരിച്ചതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എസ്.ഐ എന്ന നിലയില്‍ രാജേഷിന്റെ മേലാക്കാനുള്ള ശ്രമം നടക്കുന്നതായാണ് പരാതി. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. കെ.എസ്.ശ്രീകുമാറിന് മേല്‍ ഇതിനായി വിവിധ തലങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുള്ളതായും ആക്ഷേപ മുയരുന്നു.