പാങ്ങോട് : സ്കൂളിനു മുന്നിലെ മലിനജലക്കെട്ടും അതില്‍ പെറ്റുപെരുകിയ കൊതുകും കൂത്താടിയും കാരണം കുട്ടികള്‍ പകര്‍ച്ചവ്യാധിഭീഷണിയില്‍. പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂരിലുള്ള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നിലാണിത്. ഒരേക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന വെള്ളക്കെട്ട് നിറയെ കൊതുകും കൂത്താടികളുമാണ്.
ദീര്‍ഘകാലമായി വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ രൂക്ഷഗന്ധവുമുണ്ട്. കൊതുകുകടികാരണം വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസില്‍ ഇരിക്കാന്‍ വയ്യാത്ത അവസ്ഥയാണ്്. മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. സമീപത്തുള്ള താമസക്കാര്‍ക്കും ഇതുതന്നെയാണവസ്ഥ.
ലാര്‍വകളെ നശിപ്പിക്കാനും വെള്ളക്കെട്ട് ഒഴുക്കിവിടുന്നതിനും അദ്ധ്യാപകര്‍ പലതവണ പഞ്ചായത്ത് അധികൃതരോടും ആരോഗ്യപ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാരകരോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന വെള്ളക്കെട്ടില്‍ തിരിഞ്ഞുനോക്കാന്‍പോലും ആരും കൂട്ടാക്കിയില്ല. കുട്ടികളെ കൊണ്ട് നിവേദനം തയ്യാറാക്കി പഞ്ചായത്ത് പ്രസിഡന്റിനും ആരോഗ്യവകുപ്പിനും അവരെക്കൊണ്ട് കൊടുപ്പിച്ച് ഒരു കൈ നോക്കാനൊരുങ്ങുകയാണ് അദ്ധ്യാപകരിപ്പോള്‍.