പാലോട്: ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കാത്തതിനാല്‍ റോഡുകളില്‍ പാതിയും തകര്‍ന്നു. ഇതിലൂടെയുള്ള യാത്ര നടുവൊടിക്കുന്നതാണെന്ന് സ്ഥിരംയാത്രക്കാര്‍. റോഡ് തകര്‍ന്നതിനാല്‍ ദുരിതമനുഭവിക്കുന്നതില്‍ ഏറെയും പ്രധാന പാതകളില്‍നിന്നും അകന്നുകഴിയുന്നവരാണ്. പത്തുവര്‍ഷമായി അറ്റകുറ്റപ്പണി നടത്താത്ത റോഡുകളിലും ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വണ്ടികള്‍ ഓടുന്നത് ഏറെ അപകടം വിതച്ചുകൊണ്ട്.
പാലോട്-കാക്കാണിക്കര, പാലോട്-മീന്‍മുട്ടി, പെരിങ്ങമ്മല-കട്ടക്കാല്‍-ഇക്ബാല്‍ കോളേജ്, കാട്ടിലക്കുഴി-മീരാന്‍വെട്ടി-ഇടവംറോഡ്, തെന്നൂര്‍-സൂര്യകാന്തി-ചെറ്റച്ചല്‍റോഡ്, പെരിങ്ങമ്മല-കൊച്ചുവിളറോഡ്, ഇടവം-ഒരുപറക്കരിക്കകം റോഡ്, വെള്ളയംദേശം-പാണ്ഡ്യന്‍പാറ റോഡ്, പെരിങ്ങമ്മല-ഇടവം-ഇടിഞ്ഞാര്‍റോഡ് എന്നീ റോഡുകളാണ് ഏറ്റവും ദുരിതമായി തുടരുന്നത്. ഇതില്‍ ഇടവം-ഇടിഞ്ഞാര്‍ റോഡിന്റെയും പാണ്ഡ്യന്‍പാറ-വെള്ളയംദേശം റോഡിന്റെയും സ്ഥിതി ഏറെ ദയനീയമാണ്.
ഗ്രാമപ്പഞ്ചായത്തുകളുടെ തര്‍ക്കങ്ങളും വനംവകുപ്പിന്റെ തടസ്സവാദങ്ങളുമാണ് മിക്ക റോഡുകളുടെയും പണി പാതിവഴിയിലാകാന്‍ കാരണം. രണ്ടു പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളില്‍ അധികവും അറ്റകുറ്റപ്പണി നടത്തിയിട്ട് പതിറ്റാണ്ട് പിന്നിടുന്നു,
നന്ദിയോട്, പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പെരിങ്ങമ്മല - കട്ടക്കാല്‍ റോഡും വിതുര, പെരിങ്ങമ്മല പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന തെന്നൂര്‍-സൂര്യകാന്തി-ചെറ്റച്ചല്‍ റോഡും തകര്‍ന്നിട്ട് വര്‍ഷങ്ങളായി. പെരിങ്ങമ്മല, പാങ്ങോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എക്‌സ്‌കോളനി-ഭരതന്നൂര്‍ ശിവക്ഷേത്രം റോഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഗ്രാമപ്പഞ്ചായത്തുകളുടെ ഏകോപിതമായ മാസ്റ്റര്‍ പ്ലാനുകള്‍ ഇല്ലാത്തതാണ് റോഡ്പണികള്‍ പുരോഗമിക്കാത്തതിനു കാരണം. പഞ്ചായത്തുകളുടെ ഭരണസമിതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും വികസനമുരടിപ്പിനു കാരണമാവുന്നു.
പാണ്ഡ്യന്‍പാറ-വെള്ളയംദേശം റോഡിന്റെ ടാറിങ് വൈകുന്നതിനു കാരണം വനംവകുപ്പിന്റെ തടസ്സവാദമാണ്. നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡിന്റെ പകുതിയിലധികം ഭാഗം മൂന്നുവര്‍ഷം മുമ്പുതന്നെ ടാര്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ ബാക്കിയുള്ള ഭാഗം നിലച്ച മട്ടാണ്. റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് യാത്രാദുരിതത്തിലായത്. പ്രശ്‌നപരിഹാരത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകള്‍ ചുരുക്കം.