പാലോട്: ജനചേതനയാത്രയുമായി മലയോര മേഖല വഴി കടന്നു വന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയെ കാണാന്‍ ജനം രാത്രിയിലും കാത്തു നിന്നു. 5.30ന് യാത്ര ജില്ലയില്‍ പ്രവേശിക്കുമെന്നറിഞ്ഞ് ജനങ്ങള്‍ കവലകളില്‍ കാത്തു നില്‍ക്കുകയായിരുന്നു. എന്നാല്‍, രണ്ടു മണിക്കൂറിലേറെ യാത്ര വൈകിയിട്ടും ജനം കാത്തു നിന്നു. പാലോട് ജംക്്ഷനില്‍ 8.30നാണ് യാത്ര എത്തിയത്. അപ്പോഴും നൂറുകണക്കിന് നാട്ടുകാര്‍ റോഡിന്റെ ഇരു വശവും സ്ഥാനം പിടിച്ചിരുന്നു.
ടി.എസ.് റോഡില്‍ ചോഴിയക്കോട്, അരിപ്പ, മടത്തറ, കൊല്ലായില്‍, ജവഹര്‍കോളനി, നന്ദിയോട്, ആനാട്, നെടുമങ്ങാട് ഭാഗങ്ങളില്‍ ജനബാഹുല്യമായിരുന്നു. അഡ്വാനി ജനത്തെ കൈവീശി അഭിവാദ്യം സ്വീകരിച്ചു. നേരത്തേ ബസിനു മുന്നിലിരുന്നു സഞ്ചരിച്ചിരുന്ന അഡ്വാനി കുളത്തൂപ്പുഴ കഴിഞ്ഞ ശേഷം വനമേഖലയിലെത്തിയപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ ബസിന്റെ വലതു വശത്തേക്കു മാറുകയായിരുന്നു. അതുകൊണ്ടു റോഡിന്റെ ഒരു വശത്തു നിന്നവര്‍ക്കു മാത്രമേ അഡ്വാനിയെ കാണാന്‍ കഴിഞ്ഞുള്ളൂ. ഉച്ച മുതല്‍ ടിഎസ് റോഡില്‍ പൊലീസിനെ വിന്യസിച്ച് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്.