WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, October 8, 2011

എലിപ്പനി മുന്‍കരുതലുകള്‍


ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലം രക്തക്കുഴലുകള്‍ക്ക് ഉണ്ടാകുന്ന അണുബാധയാണ് എലിപ്പനി. ലെപ്റ്റോസ്പൈറോസിസ് എന്നാണ് എലിപ്പനിയുടെ ശാസ്ത്രനാമം. വീല്‍സ് രോഗം എന്നും ഇതിനു പേരുണ്ട്.ഏതു സമയത്തും എലിപ്പനി പിടിപെടാം. ഇടവപ്പാതി, തുലാമഴ കാലത്ത് എലിപ്പനി വ്യാപകമാകുന്നതായും രൂക്ഷമാകു ന്നതായും കാണുന്നു. ഈ സമയത്ത് വെള്ളക്കെട്ടുകള്‍ കൂടുന്നതാണ് കാരണം. ഏതു പ്രായക്കാര്‍ക്കും എലിപ്പനി പിടിപെടാം. 20-50 വയസിനിടയില്‍ ഉള്ളവരിലാണ് ഏറ്റവും കൂടുതല്‍. കൊച്ചുകുട്ടികളില്‍ വിരളമായേ എലിപ്പനി ഉണ്ടാകാറുള്ളൂ. പറമ്പിലും ചെളിയിലും തോടുകളിലെ വെള്ളത്തിലും കളിക്കുമ്പോഴാണ് കുട്ടികള്‍ക്ക് അണുബാധ ഉണ്ടാകാന്‍ സാധ്യത. പറമ്പില്‍ പണിയെടുക്കുന്ന പുരുഷന്‍മാര്‍ക്കും കൃഷിയില്‍ തല്‍പ്പരരായ വീട്ടമ്മമാര്‍ക്കും ഈ രോഗം പിടിപെടാം. സാധാരണ പനിയുമായി സാമ്യം തോന്നുമെങ്കിലും എലിപ്പനി അത്യന്തം മാരകമാണ്. വൃക്ക, ഹൃദയം, ശ്വാസകോശം, നാഡീ ഞരമ്പ് തുടങ്ങിയ ആന്തരികാവയവങ്ങളെ ഇത് ബാധിക്കുന്നു.

ലക്ഷണങ്ങള്‍
ലെപ്റ്റോസ്പൈറ ബാക്ടീരിയ ഒരാളിന്റെ ശരീരത്തില്‍ കടന്ന് 6-8 ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. 5-6 ദിവസമാകുമ്പോള്‍ വിറയലോടു കൂടിയ പനി, ഛര്‍ദി, മനംപിരട്ടല്‍, നെഞ്ചുവേദന, മൂത്രത്തിനു നേരിയ ചുവപ്പുനിറം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകും. 8-9 ദിവസമാകുമ്പോള്‍ അസുഖം കുറഞ്ഞതായി തോന്നാം. പക്ഷേ, പെട്ടെന്നു കൂടും. ഈ രണ്ടാം ഘട്ടത്തില്‍ ലക്ഷണങ്ങളും വ്യത്യസ്തമാണ്. അതികഠിനമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികള്‍ വലിഞ്ഞുമുറുകി പൊട്ടിപ്പോകുന്ന തരത്തിലുള്ള വേദന, കണ്ണിന് നല്ല ചുമപ്പുനിറം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകും. ശരീരവേദന പ്രധാനമായും തുടയിലേയും വയറിലെയും പേശികള്‍ക്കാണ് അനുഭവപ്പെടുക. തലവേദന വരുമ്പോള്‍, വേദന തലയുടെ പിന്‍ഭാഗത്തു നിന്നു തുടങ്ങി നെറ്റിയിലേക്കു വ്യാപിക്കുന്നു.കഴുത്ത്, പുറം, വയറ്, കൈകളുടെ മുകള്‍ഭാഗം എന്നിവിടങ്ങളില്‍ ഇടവിട്ട് കടുത്ത വേദന ഉണ്ടാകും.

 വിശപ്പില്ലായ്മയും ഛര്‍ദിയും മനംപിരട്ടലും ഉണ്ടാകും. ഈ സമയത്ത് മലബന്ധമോ വയറിളക്കമോ പിടിപെടാനിടയുണ്ട്. ചിലര്‍ക്ക് നെഞ്ചുവേദനയും വരണ്ട ചുമയും ഉണ്ടാകും. ചിലപ്പോള്‍ തുപ്പലില്‍ രക്തം കണ്ടേക്കാം. ചില രോഗികള്‍ മാനസികവിഭ്രമങ്ങള്‍ പ്രകടിപ്പിക്കാം. വല്ലാതെ അസ്വസ്ഥരാകുകയും ചിന്താക്കുഴപ്പങ്ങളില്‍ പെടുകയും ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നതു പോലെ പെരുമാറുകയും ചെയ്യും. ഈ സമയത്ത് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും പ്രകടമാകും. മിക്കവാറും 4-6 ദിവസങ്ങളിലാണ് മഞ്ഞപ്പിത്തം പിടിപെടുന്നത്. അവസാന ഘട്ടത്തില്‍ മെനിഞ്ജൈറ്റിസ്, നെഫ്രൈറ്റിസ്, ന്യൂമോണിയ, തലച്ചോര്‍ വീക്കം, ഹൃദയകോശവീക്കം, പിത്തസഞ്ചിവീക്കം, ആന്തരാവയവങ്ങളില്‍ രക്തസ്രാവം തുടങ്ങിയ രോഗങ്ങളും പിടിപെടാം. ഈ അവസ്ഥയെത്തുടര്‍ന്നു മരണവും സംഭവിക്കുന്നു. വൃക്കകള്‍ക്കും കരളിനും തകരാറു വന്നാല്‍ രക്ഷപെടുത്താനാകും. ശ്വാസകോശത്തിനും ഹൃദയത്തിനും തകരാറു വന്നാല്‍ പ്രയാസമാണ്. 60-70 ശതമാനമാണ് ശ്വാസകോശതകരാറു മൂലമുള്ള മരണ സാധ്യത.

പകരുന്ന രീതി
മൂന്നു വിധത്തില്‍ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ കയറിപ്പറ്റാം. എലിമൂത്രത്തിലൂടെ, എലിപ്പനിയുള്ള മൃഗങ്ങളിലൂടെ, എലിപ്പനിയുള്ള രോഗിയിലൂടെ.എലിമൂത്രം കലര്‍ന്ന വെള്ളം ഉള്ളിലെത്താനിടയായാല്‍ എലിപ്പനി വരാം. എലിപ്പനിയുടെ ബാക്ടീരിയകള്‍ മണ്ണിലും ജലത്തിലും കലരും. ഈ വെള്ളം ശരീരത്തിലെ പോറലോ മുറിവോ ഉള്ള ഭാഗങ്ങളില്‍ പറ്റിയാല്‍ അതുവഴി ബാക്ടീരിയകള്‍ ഉള്ളില്‍ കയറും. വെള്ളത്തില്‍ അധികം നേരം നില്‍ക്കുമ്പോള്‍ ത്വക്കിനുണ്ടാകുന്ന മാര്‍ദവം പോലും ബാക്ടീരിയകള്‍ക്ക് ഉള്ളില്‍ കയറാനുള്ള വഴിയൊരുക്കുന്നു. വായിലും മൂക്കിലും ഉള്ളതു പോലുള്ള ശ്ളേഷ്മസ്തരങ്ങളിലൂടെയും ഇവ ശരീരത്തില്‍ കയറും. കുളിക്കുന്ന വെള്ളത്തില്‍ എലിമൂത്രം കലര്‍ന്നിട്ടുണ്ടെങ്കില്‍ കണ്ണിലൂടെ അവ ശരീരത്തില്‍ എത്താനിടയുണ്ട്.എലിമൂത്രം കലര്‍ന്ന വെള്ളത്തില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തിലും എലിപ്പനിയുടെ ബാക്ടീരിയകള്‍ കയറും. വളര്‍ത്തുമൃഗങ്ങളുടെ മൂത്രത്തിലൂടെയും ശരീരത്തിലെ സ്രവങ്ങളിലൂടെയും അവ പുറത്തുവരും. എലി മൂത്രത്തിലൂടെ രോഗാണു പുറത്തുവരുന്നു. ഇതു മലിനജലത്തില്‍ കലര്‍ന്ന് രോഗാണു മാസങ്ങളോളം നശിക്കാതെ കിടക്കും. കാലുകളിലും കൈകളിലുമുള്ള മുറിവുകള്‍, മലിനജലത്തിന്റെ ഉപയോഗം, മൃഗങ്ങളുടെ മാംസം കൈകാര്യം ചെയ്യുക എന്നിവ വഴി രോഗം മനുഷ്യരിലെത്തുന്നു.

മുന്‍കരുതലുകള്‍
രോഗനിര്‍ണയത്തില്‍ വരുന്ന താമസമാണ് എലിപ്പനിയെ മാരകമാക്കുന്നത്. വൈകി മാത്രം ആശുപത്രിയിലെത്തുന്നത് ദുരന്തമാകാറുണ്ട്. സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. രണ്ടാമത്തെ ആഴ്ച മുതല്‍ അടുത്ത 4-6 ആഴ്ച വരെ മൂത്രത്തില്‍ ഇടവിട്ട് രോഗാണുക്കള്‍ പ്രത്യക്ഷപ്പെടും. ഡാര്‍ക്ക് ഫീല്‍ഡ് മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ അപ്പോള്‍ രോഗാണുക്കളെ കാണാം. ശരീരത്തിനു പുറത്തെത്തിയാല്‍ മനുഷ്യമൂത്രത്തിന് അമ്ളതയുണ്ട്. അതിനാല്‍ രോഗാണുക്കള്‍ പെട്ടെന്നു നശിച്ചു പോകും. അതുകൊണ്ട് മൂത്രമെടുത്താല്‍ ഉടന്‍തന്നെ പരിശോധിക്കണം. ഈ പരിശോധനയും വിരളമായേ ചെയ്യാ റുള്ളു. രക്തത്തില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന സീറത്തിലെ ആന്റിബോഡികള്‍ നോക്കി എലിപ്പനി കണ്ടു പിടിക്കുന്ന ടെസ്റ്റാണിത്. രോഗം കണ്ടുപിടിക്കാന്‍ ഏറ്റവും കൂടുതലായി ചെയ്യുന്നതും ഈ ടെസ്റ്റാണ്. പ്രോട്ടീനുകള്‍ നീക്കം ചെയ്ത പ്ളാസ്മയാണ് സീറം. ആന്റിബോഡികള്‍ എന്നാല്‍, രോഗാണുബാധയുണ്ടായി ഏഴാം ദിവസത്തോടെ രക്തത്തിലെ പ്ളാസ്മയില്‍ ആന്റിബോഡികള്‍ ഉണ്ടാകും. രണ്ടു തരത്തിലുള്ള സീറം ടെസ്റ്റുകളുണ്ട്. രോഗാണുവിന്റെ സാന്നിദ്ധ്യം മാത്രം തിരിച്ചറിയുന്നതും രോഗാണുവിനെ കണ്ടെത്തുന്നതും. സ്ക്രീനിങ് ടെസ്റ്റുകള്‍ ചെയ്ത് എലിപ്പനിയാണെന്നു സംശയം തോന്നിയാല്‍ ചികില്‍സ തുടങ്ങാമെങ്കിലും രോഗം സ്ഥിരീകരിക്കാന്‍ രണ്ടാമത്തെ വകുപ്പിലെ പരിശോധനകള്‍ ചെയ്യണം.

ഈ സാഹചര്യത്തില്‍ മറ്റു പല പരിശോധനകള്‍ കൂടി നടത്തി, അവയുടെയെല്ലാം ഫലങ്ങള്‍ പരിശോധിച്ച് രോഗം ഉണ്ടോ എന്ന നിഗമനത്തില്‍ എത്തുകയാണു പതിവ്. എലിപ്പനിക്കു വേണ്ടി മാത്രമുള്ള ടെസ്ററുകളല്ല ഇവ.