നന്ദിയോട് (തിരുവനന്തപുരം): രാത്രിയില്‍ എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചശേഷം ഉറങ്ങാന്‍ പോയിരുന്നു. അര്‍ധരാത്രിയില്‍ രക്ഷിക്കണേ എന്ന നിലവിളികേട്ടാണ് ഞെട്ടിയുണര്‍ന്നത്.... ഭീതിയോടെ അനന്ദു കഴിഞ്ഞരാത്രിയിലെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്.
അമ്മയെ കഴുത്തില്‍ കയറുമുറുക്കി ശ്വാസംമുട്ടിച്ച് കൊന്നശേഷം അച്ഛന്‍ തന്നെയും അനുജത്തിയെയും കൊല്ലാന്‍ ശ്രമിച്ചത് വിവരിക്കുമ്പോള്‍ അനന്ദുവിന് സങ്കടം അടക്കാനാവുന്നില്ല.
നന്ദിയോട് പച്ച ഓരുകുഴി തടത്തരികത്തുവീട്ടില്‍ സുദര്‍ശനന്‍ (50) ആണ് ഭാര്യ ലതാദേവി (42)യെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മകള്‍ നന്ദനയുടെ കഴുത്തില്‍ കയറുമുറുക്കി കൊല്ലാന്‍ ശ്രമിച്ചപ്പോഴാണ് നിലവിളികേട്ട് മൂത്തമകന്‍ അനന്ദു ഓടിയെത്തിയത്.
അര്‍ധരാത്രിയില്‍ രക്ഷിക്കണേ എന്ന നിലവിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. നിലവിളി അമ്മയുടെ മുറിയില്‍ നിന്നാണ്. ഓടിച്ചെന്ന് നോക്കുമ്പോള്‍ അമ്മ ഒന്നുമറിയാതെ ചേതനയറ്റ് കട്ടിലില്‍ കിടക്കുന്നു. കുഞ്ഞനുജത്തി അച്ഛന്റെ കൈയിലെ പ്ലാസ്റ്റിക് കയറില്‍കിടന്ന് പിടഞ്ഞ് നിലവിളിക്കുന്നു. എന്നെ കണ്ടതും അച്ഛന്‍ കയറിന്റെ മറുഭാഗം എന്റെ കഴുത്തില്‍ ബലമായി ചുറ്റിവരിഞ്ഞു. അപ്പോഴും അനുജത്തി നിറുത്താതെ പിടയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ അച്ഛന്റെ മുഖത്തേക്ക് ഒന്നുനോക്കി. ആ കണ്ണുകളില്‍ നിന്നും തീക്കനലുകള്‍ ചിതറിവീഴുന്നതുപോലെയായിരുന്നു. എന്റെ അച്ഛനെ മുമ്പൊരിക്കലും ഞാന്‍ അങ്ങനെ കണ്ടിട്ടില്ല.
മറ്റൊന്നും ആലോചിച്ചില്ല. രക്ഷപ്പെടുവാനുള്ള വെപ്രാളമായിരുന്നു പിന്നെ. സര്‍വ്വശക്തിയുമുപയോഗിച്ച് അച്ഛന്റെ കൈ കടിച്ചുമുറിച്ചു. ഒരു നിമിഷംകൊണ്ട് അച്ഛനെ തള്ളിയിട്ടശേഷം അനുജത്തിയേയും വാരി മാറോടടുക്കി വീട്ടിന്റെ പിന്‍വാതിലില്‍കൂടി ഇറങ്ങിയോടി. ഇതിനിടയില്‍ എന്റെ കഴുത്തിലെ കയര്‍ ഞാന്‍ കടിച്ചുമുറിച്ചു. അബോധാവസ്ഥയിലായിരുന്ന അനുജത്തിയുടെ കഴുത്തിലെ കുരുക്ക് അടുത്തവീട്ടില്‍ ചെന്നശേഷമാണ് അറുത്തുമാറ്റിയത്.... അപ്പോള്‍ ആശ്വാസമായി അവള്‍ക്ക് ജീവനുണ്ട്.... പതിനേഴുകാരനായ അനന്ദു കണ്ണീരോടെ പറഞ്ഞുനിര്‍ത്തി.
എന്നാല്‍ അനന്ദുവിന്റെ ആശ്വാസത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. അല്പസമയത്തിനുള്ളില്‍ അവന്‍ അറിഞ്ഞു, അമ്മയെ കൊന്നശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. ഇതെല്ലാം നടക്കുമ്പോഴും കേഴ്‌വിക്ക് പ്രശ്‌നമുള്ള അമ്മൂമ്മ സാവിത്രി അടുത്തമുറിയില്‍ ഉണ്ടായിരുന്നു. അനന്ദുവിന് അറയില്ല അച്ഛന്‍ ഇത്രയും വലിയ പാതകം ചെയ്തത് എന്തിനെന്ന്. അത്താഴംകഴിഞ്ഞ് സന്തോഷത്തോടെയാണ് എല്ലാവരും മുറിയിലേക്ക് പോയത്. അച്ഛനും അമ്മയും അനുജത്തിയും ഒരു മുറിയില്‍. തൊട്ടടുത്ത മുറിയില്‍ അനന്ദുവും അമ്മൂമ്മയും. അനുജത്തി നന്ദന എസ്.എ.ടിയില്‍ സുഖംപ്രാപിച്ചുവരുന്നുവെന്ന് അറിയുമ്പോഴും അച്ഛനും അമ്മയും ഓര്‍മ മാത്രമാണെന്ന് പൊള്ളുന്ന യാഥാഥ്യം ഈ പ്ലസ്ടു വിദ്യാര്‍ഥിയുടെ നെഞ്ച് തകര്‍ക്കുന്ന വേദനയാവുകയാണ്. കാരണം ഇനി തനിക്ക് കൂട്ട് കുഞ്ഞനുജത്തി നന്ദന മാത്രമാണെന്ന് അവന്‍ തിരിച്ചറിയുന്നു.