പാലോട്: ഓരുകുഴിയില്‍ നടന്ന ദുരന്തം നന്ദിയോട് നിവാസികള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. സൗമ്യപ്രകൃതനായ സുദര്‍ശനനും നാട്ടുകാരുടെ ടീച്ചറായ ലതാദേവിയും എന്തിന് ഈ കടുംകൈ ചെയ്തു? എല്ലാ മനസിലും ഉയരുന്നത് ഈ ഒരൊറ്റ ചോദ്യമാണ്. കഴിഞ്ഞ 20 വര്‍ഷമായി സുദര്‍ശനന്‍ വിദേശത്തായിരുന്നു. അപകടത്തില്‍ കൈയൊടിഞ്ഞ് നാട്ടിലെത്തിയിട്ട് ഒന്നരവര്‍ഷം. എങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി നാട്ടില്‍ ഇലക്ട്രിക്കല്‍ പണിക്ക് പോകുന്നുണ്ട് ഇദ്ദേഹം. ലതയാകട്ടെ കഴിഞ്ഞ 15 വര്‍ഷമായി സമീപത്തെ ഒരു പാരലല്‍ കോളേജിലെ അധ്യാപികയാണ്. കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചര്‍.
വീട്‌വെയ്പിനെച്ചൊല്ലി ഉടലെടുത്ത അഭിപ്രായ വ്യത്യാസമാണ് സുദര്‍ശനനെ ഇത്ര ക്രൂരമായ തീരുമാനത്തിലെത്തിക്കാന്‍ കാരണമെന്ന് കരുതുന്നതായി പാലോട് സി.ഐ. പ്രദീപ് കുമാര്‍ പറയുന്നു. പനയ്‌ക്കോട് സ്വദേശിയായ സുദര്‍ശനന്‍ തന്റെ സമ്പാദ്യമുപയോഗിച്ച് പനയ്‌ക്കോട് വീട്‌വെച്ച് ഭാര്യയേയും മക്കളേയും അങ്ങോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, തന്റെ വസ്തുവില്‍ വീടുവെച്ച് അമ്മയെക്കൂടി ഒപ്പം താമസിപ്പിക്കണമെന്നതായിരുന്നു ലതയുടെ തീരുമാനം. രണ്ടുപേരും മത്സരിച്ച് വീടുപണിയും പൂര്‍ത്തിയാക്കി. എന്നാല്‍, രണ്ടുവീട്ടിലും അന്തിയുറങ്ങാന്‍ ഈ ദമ്പതിമാര്‍ക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഗള്‍ഫില്‍നിന്ന് കൈയ്ക്ക് അപകടം പറ്റിവന്ന സുദര്‍ശനന്‍ നേരെ പോയത് സ്വന്തം വീട്ടിലേക്കായിരുന്നു. പിന്നീട് മൂന്നുമാസം മുമ്പാണ് നന്ദിയോട്ടെ ഭാര്യവീട്ടില്‍ എത്തിയത്. എങ്കിലും കാര്യമായ കുടുംബപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലായെന്ന് ലതയുടെ അമ്മ സാവിത്രി പറയുന്നു. ബുധനാഴ്ചയും വളരെ സ്‌നേഹത്തോടെയാണ് എല്ലാവരും ഉറങ്ങാന്‍ പോയത്.
എന്നാല്‍, വീടുപണി പൂര്‍ത്തിയാക്കിയിട്ടും അത് അടഞ്ഞുതന്നെ കിടക്കുന്നതിലെ നഷ്ടബോധം സുദര്‍ശനന്റെ മനസ്സില്‍ ഒരു കനലായി എരിയുന്നത് ആരും കണ്ടില്ല. എല്ലാപേരും ഉറങ്ങുമ്പോഴും അയാള്‍ ഉണര്‍ന്നിരുന്ന് തന്റെ തീരുമാനത്തിന് മൂര്‍ച്ചകൂട്ടിയതാണ് ഭാര്യയുടെ കൊലപാതകത്തിലും ഭര്‍ത്താവിന്റെ ആത്മഹത്യയിലും കലാശിച്ചതെന്ന് കരുതുന്നു.