പാലോട്: ടിഎസ് റോഡില്‍ വേങ്കൊല്ലനിന്നു പട്ടികജാതി പട്ടികവര്‍ഗ കോളനികളിലേക്കടക്കം പോകുന്ന ശാസ്താംനട - വെളിയംകാല റോഡിന്റെ പണി രണ്ടുവര്‍ഷം മുമ്പു തുടങ്ങുമ്പോള്‍ ജനത്തിനു നടന്നു പോകാനെങ്കിലും കഴിയുമായിരുന്നു. എന്നാല്‍ ഇന്ന് അതിനു പോലും സാധിക്കാതെ അപകടക്കെണിയുമായി. പണി തുടങ്ങിയപ്പോള്‍ മിണ്ടാതിരുന്ന വനംവകുപ്പ് അടുത്തിടെ വനാന്തര റോഡ് ടാര്‍ ചെയ്യാന്‍ പാടില്ലെന്നു പറഞ്ഞു വിലക്കിയതോടെ പണി നിലച്ചിരിക്കുയാണ്. ഇതോടെ ജനം ദുരിതക്കയത്തിലായി. പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജന പ്രകാരം 4,73,900 രൂപ വകയിരുത്തിയാണ് 1500 മീറ്റര്‍ റോഡ് ടാര്‍ ചെയ്യാന്‍ 2009ല്‍ പണി തുടങ്ങിയത്.
കാട്ടാനക്കൂട്ടത്തിന്റെ നടുവില്‍ കഴിയുന്ന ഈ ഗ്രാമത്തിലെ പട്ടിണിപ്പാവങ്ങളായ ജനം പുറംലോകവുമായി ബന്ധപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. സ്കൂള്‍ വിദ്യാര്‍ഥികളെ കരുതി കെഎസ്ആര്‍ടിസി രണ്ടു തവണ സര്‍വീസ് നടത്തും. വഴിയിലാകരുതേ..... എന്ന പ്രാര്‍ഥനയോടെയാണു സര്‍വീസ് ആരംഭിക്കുന്നത്. ചെളിക്കളത്തിനു പുറമെ കൂര്‍ത്ത കല്ലുകളും ഈ പാതയെ ദുര്‍ഘടമാക്കുന്നു. വാര്‍ഡ് അംഗം വി. പ്രസാദിന്റെ നേതൃത്വത്തില്‍ ഗ്രാമത്തിലെ ജനങ്ങള്‍ ചെങ്കോട്ട റോഡില്‍ വേങ്കൊല്ലയില്‍ ഉപരോധിച്ചു. ഇപ്പോഴത്തെ ഗതാഗത വകുപ്പ് മന്ത്രി വി.എസ്. ശിവകുമാറാണ് അന്നത്തെ ഉപരോധ പരിപാടി ഉദ്ഘാടനം ചെയ്തത്.
ഇതിനെ തുടര്‍ന്നാണു സഡക് യോജനയില്‍ ഫണ്ടു വകയിരുത്തി പണിക്കു തുടക്കമായത്. എന്നാല്‍ വനം വകുപ്പ്
ടാറിങ് തടഞ്ഞെങ്കിലും മറ്റു പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബാധ്യതയില്ലേ എന്നാണു നാട്ടുകാരുടെ ചോദ്യം. അതേസമയം ഗ്രാമത്തിലേക്കു വൈദ്യുതി ലൈന്‍ വലിച്ചപ്പോഴും വനം വകുപ്പു തടസ്സവാദം ഉന്നയിക്കുകയായിരുന്നു. ഇപ്പോഴിതാ ടാറിങ്ങും തടഞ്ഞു. വനം വകുപ്പിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ ജനങ്ങളില്‍ ശക്തമായ പ്രതിഷേധമാണ്. റോഡ് പണി മുടങ്ങിയതിനെതിരെ വാര്‍ഡ് അംഗം വി. പ്രസാദ് വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

