പാലോട്: കോടിക്കണക്കിനു രൂപ വിനിയോഗിച്ച് തെങ്കാശി - തിരുവനന്തപുരം അന്തര്‍ സംസ്ഥാന പാതയില്‍ ആരംഭിച്ച പാലംപണി സ്തംഭനത്തിലായിരിക്കെ, കാലപ്പഴക്കം ചെന്ന ഇരുമ്പുപാലത്തിലൂടെയുള്ള ചരക്കു ഗതാഗതം അപായ ഭീതി ഉയര്‍ത്തുന്നു. ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും നിത്യവും കടന്നു പോകുന്ന ചിപ്പന്‍ചിറ ഇരുമ്പുപാലമാണ് അപകടാവസ്ഥയിലായത്. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരം നിരോധിച്ച് പൊതുമരാമത്തുകാര്‍ സ്ഥാപിച്ച പരസ്യബോര്‍ഡിനെ നോക്കുകുത്തിയാക്കിയാണ് അപകട യാത്ര !
ചിറ്റാറിന്റെ ഇരുകരകളേയും ബന്ധിപ്പിച്ച് പുതിയ പാലം പണിയാനുള്ള ശ്രമങ്ങള്‍ക്ക് വനംവകുപ്പിന്റെ ഇടപെടലാണ് തിരിച്ചടിയായത്. വനഭൂമിയില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ളിയറന്‍സ് ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വാദം. രണ്ടു തവണ വനപാലകരെത്തി പണി തടഞ്ഞതോടെയാണ് നടപടികള്‍ നിറുത്തി വച്ചത്. പഴയ ഇരുമ്പുപാലത്തിന് സമീപം ആറ്റിനക്കരെയും ഇക്കരെയുമായി അപ്രോച്ചു റോഡുകളും ആറ്റിനു മദ്ധ്യേ മൂന്നുകുഴികളുമാണ് നിര്‍മ്മാണത്തിന്റെ ഭാഗമായി ചെയ്തിട്ടുള്ളത്. സര്‍ സി.പി രാമസ്വാമിയുടെ ഭരണകാലത്ത് തമിഴ്നാട്ടിലേയ്ക്ക് കുതിര സവാരി നടത്താന്‍ നിര്‍മ്മിച്ചതാണ് നിലവിലെ ഇരുമ്പുപാലം.
ജീര്‍ണ്ണിച്ച് ചോര്‍ച്ച സംഭവിച്ച ഈ പാലം പലതവണ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. പരിശോധനയില്‍ പാലത്തിന് ബലക്ഷയം സംഭവിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.


