തമിഴ്നാട്ടില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേയ്ക്കും മറ്റുമുള്ള വാഹനങ്ങളുടെ അമിത വേഗത കാല്‍നടയാത്രക്കാരെയും ബസ് കാത്തു നില്‍ക്കുന്നവരേയും അഴുക്കു ചാലില്‍ തള്ളിയിടുന്നുണ്ട്. റോഡിനു വശഭിത്തി നിര്‍മ്മിക്കുകയും വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കുകയും ചെയ്താലേ ഇവിടുത്തെ അപായക്കെണിക്ക് അറുതി വരു.
പാലോട്: ബസില്‍ നിന്ന് കാലെടുത്ത് വയ്ക്കുന്നത് പത്തടിത്താഴ്ചയുള്ള അഴുക്കുചാലിലേക്ക്. ബസ് നിറുത്തുമ്പോള്‍ റോഡു വക്കില്‍ നില്‍ക്കുന്ന യാത്രക്കാരനും ചാലില്‍ പതിച്ചേക്കാം. തെങ്കാശി - തിരുവനന്തപുരം അന്തര്‍ സംസ്ഥാന പാതയില്‍ മലയോര റോഡുകള്‍ സംഗമിക്കുന്ന പാലോട് കുശവൂരിലെ പ്രധാന ബസ് സ്റ്റോപ്പിലെ കാഴ്ചയാണിത്. നൂറു കണക്കിന് യാത്രക്കാര്‍ നിത്യവും ബസ് കാത്തു നില്‍ക്കുന്ന ഈ കവല അപായമുനമ്പായി മാറിയിട്ട് കാലങ്ങളായെങ്കിലും അധികാരികള്‍ക്കു മാത്രം അതു ബോദ്ധ്യപ്പെടുന്നില്ല. പാലോട് ടൌണിലെ മുഴുവന്‍ മാലിന്യവും കൊണ്ടു തള്ളുന്ന ചാലില്‍ നിന്നുയരുന്ന ദുര്‍ഗന്ധവും അധികൃതരുടെ കണ്ണു തുറപ്പിക്കുന്നില്ല.
റോഡിനു സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണം. തീരെ ഇടുങ്ങിയ കവലയില്‍ തിരുവനന്തപുരം, നെടുമങ്ങാട്, വിതുര, കല്ലറ, കിളിമാനൂര്‍ ഭാഗങ്ങളിലേയ്ക്കുള്ള യാത്രക്കാര്‍ക്ക് കാത്തുനില്‍ക്കാന്‍ വെയിറ്റിംഗ് ഷെഡ്പോയിട്ട് ഒരംഗീകൃത ബസ് സ്റ്റോപ്പു പോലും ഇവിടെയില്ല. ബസ് പാര്‍ക്കിംഗിനും സ്ഥല സൌകര്യമില്ല. എപ്പോഴും വന്നു മടങ്ങുന്ന കെ.എസ്.ആര്‍.ടി.സി - പ്രൈവറ്റ് ബസുകളും മറ്റ് പാരലല്‍ സര്‍വീസുകളും യാത്രക്കാര്‍ക്ക് കയറി ഇറങ്ങാന്‍ നിറുത്തിക്കൊടുക്കുന്നത് അനധികൃത ബസ് സ്റ്റോപ്പിലാണ്. വാഹന ബാഹുല്യവും ആള്‍ത്തിരക്കും ഏറുമ്പോഴാണ് യാത്രക്കാര്‍ ചാലില്‍ അകപ്പെട്ടു പോകുന്നത്.
ഇരുപത് കോടി രൂപ മുടക്കി അടുത്തിടെ കെ.എസ്.ടി.പി റോഡ് നവീകരിച്ച വേളയില്‍ ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തു വന്നെങ്കിലും ബന്ധപ്പെട്ടവര്‍ ചെവിക്കൊണ്ടില്ല. നവീകരണത്തിന്റെ ഭാഗമായി റോഡിന് ഉയരം കൂട്ടിയതും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു ടാറിംഗ് നടത്തിയതും ഈ ഭാഗത്ത് അപകടങ്ങള്‍ പെരുകാന്‍ കാരണമായിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേയ്ക്കും മറ്റുമുള്ള വാഹനങ്ങളുടെ അമിത വേഗത കാല്‍നടയാത്രക്കാരെയും ബസ് കാത്തു നില്‍ക്കുന്നവരേയും അഴുക്കു ചാലില്‍ തള്ളിയിടുന്നുണ്ട്. റോഡിനു വശഭിത്തി നിര്‍മ്മിക്കുകയും വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കുകയും ചെയ്താലേ ഇവിടുത്തെ അപായക്കെണിക്ക് അറുതി വരു. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് ഗ്രാമപഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന കവലയില്‍ നാട്ടുകാരുടേയും യാത്രക്കാരുടേയും മുറവിളക്ക് പരിഹാരം കാണാന്‍ ആരു മുന്നിട്ടിറങ്ങുമെന്നാണ് പ്രസക്തമായ ചോദ്യം.

