പെരിങ്ങമ്മല: വൈദ്യുതി ഉപഭോക്താക്കളുടെ ദീര്‍ഘനാളത്തെ ദുരിതത്തിന് അറുതിവരുത്തിക്കൊണ്ട് കെ.എസ്.ഇ.ബി. പെരിങ്ങമ്മല ഓഫീസില്‍ വെള്ളിയാഴ്ച കറണ്ട്ബില്‍ തുക സ്വീകരിച്ചുതുടങ്ങും. പ്രവൃത്തിദിവസങ്ങളില്‍ 10 മുതല്‍ മൂന്ന് വരെയാണ് പണം സ്വീകരിക്കുക. തുടക്കത്തില്‍ പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ 8000-ലധികം ഉപഭോക്താക്കളുടെ പണമാണ് ഈ ഓഫീസില്‍ എടുക്കുക.
പെരിങ്ങമ്മല കെ.എസ്.ഇ.ബി. ഓഫീസില്‍ ബില്‍ തുക സ്വീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 'മാതൃഭൂമി' കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പെരിങ്ങമ്മല പഞ്ചായത്തിലെ ഇലവുപാലം മുതല്‍ തെന്നൂര്‍, നരിക്കല്ല് വരെയുള്ള ഉപഭോക്താക്കളുടെയും പനങ്ങോട്, പാപ്പനംകോട്, വട്ടക്കരിക്കകം ഭാഗങ്ങളിലെയും ഉപഭോക്താക്കളെയാണ് പെരിങ്ങമ്മല ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം നേരത്തെ നന്ദിയോട് മേജര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയിലായിരുന്നു. പ്രതിമാസം ഇവിടെ 20,100 പേരാണ് പണം ഒടുക്കാന്‍ എത്തിയിരുന്നത്. ഇത് സമയതാമസത്തിന് കാരണമായിരുന്നു.
എന്നാല്‍ പെരിങ്ങമ്മല വില്ലേജ് ഓഫീസിനടുത്ത് പ്രവര്‍ത്തിക്കുന്ന പുതിയ ഇലക്ട്രിസിറ്റി ഓഫീസില്‍ പണം സ്വീകരിക്കുന്നതോടെ കാലതാമസം ഒഴിവാകും. പെരിങ്ങമ്മല പഞ്ചായത്തിന് കീഴില്‍ വരുന്ന പ്രദേശങ്ങളിലെ ലൈനിലെ അറ്റകുറ്റപ്പണികള്‍, തുടര്‍പ്രവര്‍ത്തനങ്ങള്‍, വൈദ്യുത സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ നോക്കുന്നതും ഇനിമുതല്‍ ഈ ഓഫീസിലായിരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ധനപാലന്‍ അറിയിച്ചു. പുതിയ ഓഫീസുമായി ബന്ധപ്പെടാനുദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ 0472-2845100, 9446008767 എന്നീ ഫോണ്‍നമ്പരുകളില്‍ വിളിക്കേണ്ടതാണ്.

