പാലോട്: ഇന്നലെ പൊന്‍മുടി കുന്നുകളും ഇന്‍വര്‍കോള്‍ഡ് എസ്റ്റേറ്റിലെ ചതുപ്പുകളും ജീപ്പ് സാഹസികതയുടെ വേദിയായി. മഹീന്ദ്രാ മോട്ടോര്‍ സംഘടിപ്പിച്ച സാഹസിക യാത്രാ പരിപാടിയാണു പൊന്‍മുടിയെ ത്രില്ലണിയിപ്പിച്ചത്. 60ഓളം എസ്റ്റേറ്റ് ജീപ്പുകളാണു സാഹസിക യാത്രയില്‍ അണിചേര്‍ന്നത്.
പൊന്‍മുടി പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്നും ആരംഭിച്ചു കല്ലുകളും കുഴിയും ചതുപ്പുകളും നിറഞ്ഞ ദുര്‍ഘട പാതയിലൂടെ 12 കിലോ മീറ്റര്‍ അകലെയുള്ള ഇന്‍വര്‍ കോള്‍ഡ് എസ്റ്റേറ്റ് വരെയും അവിടെനിന്നു തിരികെയുമാണു സാഹസിക യാത്ര സംഘടിപ്പിച്ചത്. ദുര്‍ഘട പാതയിലൂടെ തെന്നിയും തെറിച്ചും ചെളിവെള്ളം തെറിപ്പിച്ചും ജീപ്പുകള്‍ അതിവേഗത്തിന്റെ കാഴ്ച സമ്മാനിച്ചപ്പോള്‍ കാഴ്ചക്കാരും ത്രില്ലിന്റെ കൊടുമുടിയിലെത്തി. രാവിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഡി. രഘുനാഥനും പൊന്‍മുടി എസ്ഐ: ഷംസുദ്ദീനും ചേര്‍ന്നു യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.


