വിതുര: ആവേശത്തോടെ മലകയറി വരുന്നവര്‍ക്ക് നിരാശരായി മടക്കം. ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് പൊന്മുടി. അത്ര 'ആവേശ'ത്തോടെയാണ് ബന്ധപ്പെട്ടവര്‍ പൊന്മുടി വിനോദസഞ്ചാരകേന്ദ്രത്തെ പരിപാലിക്കുന്നത്. ബ്രിട്ടീഷുകാരുടെ സംഭാവനയായി 22 ഹെയര്‍പിന്‍ വളവുകളുള്ള ഒരു മനോഹര റോഡുണ്ടായി. ഇതിലൂടെയുള്ള യാത്രാനുഭവം അവസാനിച്ചാല്‍ അതോടെ തീര്‍ന്നു പൊന്മുടിയെന്ന 'സംഭവം'. കേട്ടറിഞ്ഞ ദുരിതങ്ങള്‍ കണ്ടറിയാന്‍ രണ്ടു മന്ത്രിമാര്‍ പൊന്മുടിയിലെത്തി. മാസം മൂന്നുകഴിഞ്ഞു; ഇപ്പോള്‍ വിനോദസഞ്ചാര സീസണുമായി. ഇതിനിടെ പൊന്മുടിയില്‍ വന്നത് കോടമഞ്ഞും തണുപ്പും മാത്രം.
ഓരോ കാലങ്ങളില്‍ പൊന്മുടി സന്ദര്‍ശിച്ചിട്ടുള്ള മന്ത്രിമാര്‍ റോപ്‌വേ മുതല്‍ പാരാഗ്ലൈഡിങ് കേന്ദ്രം വരെ വാഗ്ദാനം ചെയ്തു. പക്ഷേ അപ്പര്‍സാനിട്ടോറിയം പോലുള്ള തിരക്കുള്ള കേന്ദ്രങ്ങളില്‍ കയറി നില്‍ക്കാനൊരു കൂരയോ തണുപ്പുമാറ്റാനൊരു ചായക്കടയോ പോലും ഇതുവരെ ഉണ്ടായില്ല. ചായക്കട ഇല്ലാത്തതുകൊണ്ടാവും മൂത്രപ്പുരയും വേണ്ടെന്നു വെച്ചു.
സഞ്ചാരികളുടെ സുരക്ഷിതത്വത്തിന് അധികൃതര്‍ കല്പിക്കുന്ന വില കാണണമെങ്കില്‍ വര്‍ഷങ്ങളായി കുടുസ്സുകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊന്മുടി പോലീസ് സ്റ്റേഷനിലേക്ക് നോക്കിയാല്‍ മതി. കെട്ടിടം കെട്ടാന്‍ സ്ഥലമനുവദിച്ചിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു. ആവശ്യത്തിന് റവന്യൂഭൂമിയുണ്ട്. പക്ഷേ അളന്നുകൊടുക്കാനോ അളന്നെടുക്കാനോ വയ്യ. അധികൃതരുടെ ഈ അനാസ്ഥയ്ക്ക് പോലീസുകാര്‍ മറുപടി നല്‍കുന്നത് മറ്റൊരു രീതിയിലാണ്. വര്‍ഷങ്ങളായി സംസ്ഥാനത്ത് ഏറ്റവും കുറച്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്റ്റേഷനുകളിലൊന്നാണ് പൊന്മുടി. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാത്തതുകൊണ്ടല്ല, ഒതുക്കിതീര്‍ക്കുന്നതുകൊണ്ട്.
പണം ധാരാളമുള്ളവര്‍ക്ക് താമസിക്കാന്‍ കെ.ടി.ഡി.സി യുടെ പ്രീമിയം റിസോര്‍ട്ടുണ്ട്. പേര് ഗോള്‍ഡന്‍ പീക്ക്. ദിവസവാടക മാത്രം 2000 മുതല്‍ 4000 വരെ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മിതമായ നിരക്കില്‍ വിനോദസഞ്ചാര വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ താമസിക്കാം. പൊന്മുടിയില്‍ താമസിക്കണമെങ്കില്‍ തിരുവനന്തപുരത്ത് ബുക്ക്‌ചെയ്തിട്ട് വരണം. പക്ഷേ മേല്‍ക്കൂരയും മറ്റും എപ്പോള്‍ ഇളകി വീഴുമെന്ന് പറയാനാവില്ല. സര്‍ക്കാര്‍ പണിയില്ലാത്തവര്‍ വന്നാല്‍ അന്തിക്ക് മുമ്പ് മടങ്ങിപ്പോകണം. ഇവര്‍ക്ക് കാഴ്ചയ്ക്കായി കുറേ മനോഹര കോട്ടേജുകള്‍ അങ്ങിങ്ങുണ്ട്. കോണ്‍ക്രീറ്റ് തുണുകളില്‍ നിര്‍ത്തിയിരിക്കുന്ന തടി കോട്ടേജുകള്‍. ലക്ഷങ്ങള്‍ മുടക്കിയെങ്കിലും താമസയോഗ്യമല്ലെന്നു പറഞ്ഞ് അടച്ചിട്ടിരിക്കുന്നു. തടി ചിതല്‍ തിന്നുതുടങ്ങി.
പൊന്മുടിയില്‍ ഒരിക്കല്‍ വന്നവര്‍ വീണ്ടും വരാന്‍ തയ്യാറാവുകയാണെങ്കില്‍ കൂടെ വെള്ളവും കൊണ്ടുവരാറുണ്ട്. കാരണം പലദിവസവും ഇവിടെ പൈപ്പ് പണിമുടക്കുന്നു. പ്രകൃതി തരുന്ന വെള്ളം മലമുകളിലെ ടാങ്കില്‍ ശേഖരിച്ചിട്ടുണ്ട്. ഇത് പമ്പിങ് കൂടാതെ പൈപ്പുകളിലെത്തിക്കാനുള്ള 'സാങ്കേതികത' നെടുമങ്ങാട് ജല അതോറിട്ടിക്കാര്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ടാങ്ക് ആരും ശ്രദ്ധിക്കാത്തതിനാല്‍ മാനിന്റെ ജഡവും മറ്റും വെള്ളത്തില്‍ നിന്ന് കണ്ടെടുക്കാറുമുണ്ട്. ജില്ലയിലെ ഏറ്റവും പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രമായിട്ടും വൈദ്യുതി മുടങ്ങിയാല്‍ പിന്നെ കുറഞ്ഞത് മൂന്നുദിവസം കഴിയും പുനഃസ്ഥാപിക്കാന്‍.
വ്യക്തിക്കും വാഹനത്തിനും വെവ്വേറെ പാസെടുത്ത് പൊന്മുടി അപ്പര്‍സാനിട്ടോറിയത്തിലേക്ക് പോകാന്‍ തയ്യാറായി ചെക്ക് പോസ്റ്റിന് മുന്നില്‍ നില്‍ക്കുന്ന സഞ്ചാരിയുടെ മനസ്സില്‍ ഏറ്റവും കുറഞ്ഞത് ഒരു സാനിട്ടോറിയം എങ്കിലുമുണ്ടാകും. എന്നാല്‍ പ്രകൃതി മനോഹാരിതയല്ലാതെ ഒരു പെട്ടിക്കടപോലും ഇവിടെയില്ല. അവധിദിവസങ്ങളില്‍ അപ്പര്‍സാനിട്ടോറിയത്തില്‍ മദ്യപസഞ്ചാരികളുടെ തമ്മിലടിയും ചീത്തവിളിയും കാരണം കുടുംബങ്ങള്‍ പൊന്മുടിയെഏതാണ്ട് കൈയൊഴിഞ്ഞിരിക്കുകയാണ്. പൊന്മുടി വനസംരക്ഷണ സമിതിയിലെ രണ്ടു ജീവനക്കാര്‍ക്ക് അക്രമം കണ്ടുനില്‍ക്കാനേ കഴിയാറുള്ളൂ.
റോപ്പ്‌വേയ്ക്കും പാരാഗ്ലൈഡിങ്ങിനും മുമ്പ് അല്പം അടിസ്ഥാന സൗകര്യങ്ങള്‍ ഈ ഗിരിസുന്ദരിക്ക് കിട്ടിയേ പറ്റൂ. മാലിന്യവും പ്ലാസ്റ്റിക്കും നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും വേണം.


