പാലോട്: പെരിങ്ങമ്മല ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികളെ കാണ്മാനില്ലെന്ന് പരാതി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെരിങ്ങമ്മല പനങ്ങോട് സ്വദേശിനികളായ വിദ്യാര്‍ഥിനികളെയാണ് കാണാതായത്. നാലുപേരും ഒരേ ഡിവിഷനിലാണ് പഠിക്കുന്നത്.
ബുധനാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് സ്‌കൂളിലെ തൊട്ടടുത്ത ജങ്ഷനില്‍ ഇവര്‍ ബസ്‌കാത്തുനിന്നത് കണ്ടവരുണ്ട്. എന്നാല്‍ സന്ധ്യകഴിഞ്ഞും വീടെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കളും ബന്ധുക്കളും അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പാലോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
എസ്.ഐ. എന്‍. ബൈജുവിന്റെ നേതൃത്വത്തില്‍ രാത്രിതന്നെ ഇവരുടെ സഹപാഠികളെക്കണ്ട് വിവരങ്ങള്‍ അന്വേഷിച്ചു. സ്‌കൂളും പരിസരപ്രദേശങ്ങളും പോലീസ് പരിശോധിച്ചു. ഇതിനിടെ കുട്ടികളെ പാങ്ങോട് കാഞ്ചിനട വനപ്രദേശത്ത് കണ്ടെന്ന് ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവിടെയും പോലീസ് തിരച്ചില്‍നടത്തി. എന്നാല്‍, ഇവരെ കണ്ടെത്താനായില്ല. രാത്രി വൈകിയും വിവിധ സ്ഥലങ്ങളില്‍ പോലീസ് പരിശോധന തുടര്‍ന്നു. കാഞ്ചിനട, പണികിടക്കുംപൊയ്ക എന്നീ വനപ്രദേശങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെയും പുരുഷസഹായ സംഘത്തിന്റെയും നേതൃത്വത്തില്‍ പന്തങ്ങളുമായി തിരച്ചില്‍ തുടരുകയാണ്.


