വിതുര: മരത്തില്‍നിന്ന് വീണ് നട്ടെല്ല് തകര്‍ന്നതിനെ തുടര്‍ന്ന് ചലനശേഷി നഷ്ടപ്പെട്ട ഗൃഹനാഥന്‍ തുടര്‍ചികിത്സക്ക് ഉദാരമതികളുടെ സഹായം അഭ്യര്‍ഥിക്കുന്നു. വിതുര ആനപ്പാറ കൊച്ചുമുല്ലച്ചിറ മണ്‍പുറത്തുവീട്ടില്‍ ബി. പ്രഭാകരന്‍ നായരാ (52) ണ് അഞ്ച് വര്‍ഷമായി കിടക്കയില്‍ കഴിയുന്നത്.
വീഴ്ച സംഭവിച്ച സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം നട്ടെല്ലില്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല. പകരം മുതുകില്‍ കമ്പിയിട്ട് വിടുകയായിരുന്നു. മൂത്രവിസര്‍ജനത്തിന് കുഴല്‍ ഘടിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചയിലൊരിക്കല്‍ ഇതിന്റെ ശുചീകരണത്തിനും മറ്റുമായി ആസ്പത്രിയില്‍ പോകണം.
ചികിത്സയ്ക്കും വീട്ടുചെലവിനുമായി ഇതിനകം 13 സെന്റ് ഭൂമി വില്‍ക്കേണ്ടിവന്നു. കയറ്റിറക്ക് തൊഴിലാളിയായ പ്രഭാകരന്‍ നായര്‍ കിടപ്പിലായതോടെ ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. പഞ്ചായത്ത് പണിതുനല്‍കിയ വീട്ടില്‍ കഴിയുന്ന പ്രഭാകരന്‍ നായരുടെ മക്കള്‍ എട്ട്, അഞ്ച് ക്ലാസ്സുകളിലാണ് പഠിക്കുന്നത്.
പ്രഭാകരന്‍ നായരുടെ തുടര്‍ചികിത്സയ്ക്കായി വിതുര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തി ജി. നായരുടെ നേതൃത്വത്തില്‍ ചികിത്സാസഹായസമിതി രൂപവത്കരിച്ചു. ഭാര്യ ശാന്തിയുടെ പേരില്‍ ഇന്ത്യന്‍ബാങ്ക് വിതുര ശാഖയില്‍ 574310510 നമ്പരായി അക്കൗണ്ടും തുടങ്ങി. മേല്‍വിലാസം : ബി. പ്രഭാകരന്‍ നായര്‍, മണ്‍പുറത്ത്‌വീട്, കൊച്ചുമുല്ലച്ചിറ, ആനപ്പാറ പി.ഒ, വിതുര-695551.


