പാലോട്: അന്തസ്സംസ്ഥാന പാതയായ തിരുവനന്തപുരം- തെങ്കാശി റോഡില്‍ ചല്ലിമുക്ക് മുതല്‍ കൊല്ലായില്‍ വരെയുള്ള യാത്ര അപകടകരമാകുന്നു. റോഡിനിരുവശങ്ങളിലുമുള്ള മണ്ണ് ഒലിച്ചുപോയി വലിയ കുഴികള്‍ രൂപംകൊണ്ടതാണ് ഇവിടെ അപകടം വര്‍ധിക്കാന്‍ കാരണം. ടാറും ചെമ്മണ്ണും തമ്മില്‍ ഒന്നര അടി താഴ്ചയോളം ഉണ്ട്. രണ്ട് വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്താല്‍ അപകടം ഉറപ്പാണ്.
ചല്ലിമുക്കില്‍ നിന്നും മടത്തറയിലേക്ക് പോകുമ്പോള്‍ ഇടതുഭാഗത്താണ് ഏറ്റവും വലിയ അപകടസാധ്യത. ഇവിടെ റോഡിന് സമീപത്തുതന്നെ കോളനിയുമുണ്ട്. ഇവിടെ താമസിക്കുന്നവരും അപകടഭീതിയിലാണ്. 2002 നുശേഷം ഇവിടെ വലുതും ചെറുതുമായി നിരവധി അപകടങ്ങളുണ്ടായി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റോഡിന്റെ പാര്‍ശ്വങ്ങളില്‍ മണ്ണിട്ടുയര്‍ത്തി അപകടസാധ്യത കുറയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരുന്നു. കെ.എസ്.ടി.പി. നടത്തിയ റോഡ് നവീകരണത്തിലും ഈ ഭാഗം ഒഴിവാക്കുകയാണ് ചെയ്തത്.


