വിതുര: വിതുര പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമായി. എസ്ഐയുടെ കസേര ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ടു രണ്ടാഴ്ചയാകുന്നു. എസ്ഐ ഇല്ലാതെവന്നതോടെ പഞ്ചായത്തില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ പതിവായി. മദ്യപിച്ചശേഷം അടിപിടിയും മറ്റും നിത്യസംഭവമാണ്. മോഷണസംഘങ്ങളും അക്രമികളും വിലസുന്നു. അമിതവേഗം മൂലമുള്ള അപകടങ്ങളും അടിക്കടിയുണ്ടാകുന്നു. മോഷണവും പതിവായി. വ്യാജ മദ്യവില്‍പനയും തകൃതിയായി.
എസ്ഐമാരെ അടിക്കടി മാറ്റുന്നതുമൂലം അനവധി മോഷണക്കേസുകളുടെയും ക്രിമിനല്‍ക്കേസുകളുടെയും അന്വേഷണം അവതാളത്തിലായി. ഇതു മോഷ്ടാക്കള്‍ക്കും ക്രിമിനലുകളുകള്‍ക്കും വളരാന്‍ സഹായകമായി മാറിയിട്ടുണ്ട്. പട്രോളിങ് നടക്കുന്നുണ്ടെങ്കിലും വാഹനങ്ങള്‍ അമിതവേഗതയില്‍ പായുന്നതു ജനത്തിനു ഭീഷണിയായി മാറി. മൂന്നു മാസത്തിനിടയില്‍ മൂന്ന് എസ്ഐമാര്‍ക്കു വിതുര സ്റ്റേഷനില്‍ നിന്നു സ്ഥലംമാറേണ്ടിവന്നു. രണ്ടുപേരെ സ്ഥലംമാറ്റിയപ്പോള്‍ ഒരാളെ സസ്പെന്‍ഡ് ചെയ്തു.
പൊലീസുകാരുടെ ക്ഷാമം നേരിടുന്ന വേളയിലാണ് എസ്ഐ കൂടി ഇല്ലാതായത്. തലസ്ഥാന നഗരിയില്‍ മോഷണവും പിടിച്ചുപറിയും കൊലപാതകങ്ങളും നടത്തിയ ശേഷം മുങ്ങുന്ന ക്രിമിനലുകളും മോഷ്ടാക്കളും മറ്റും വിതുര മേഖലയിലെ കാടുകളിലും മറ്റുമാണ് അഭയംതേടുന്നത്. അനവധി പേരെ പൊലീസ് റെയ്ഡ് നടത്തി കല്ലാര്‍, പൊന്‍മുടി,
ബോണക്കാട്, പേപ്പാറ വനമേഖലകളില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം സംഘങ്ങള്‍ സജീവമായതായി ആദിവാസികള്‍ പറയുന്നു.
കല്ലാര്‍ ആദിവാസി മേഖലയില്‍ അനവധി അജ്ഞാതര്‍ തമ്പടിച്ചിട്ടുണ്ടെന്നും ഇവര്‍ വനാന്തരത്തില്‍ വ്യാജവാറ്റ് നടത്തുന്ന സംഘങ്ങളുമായി കൈകോര്‍ത്തു മോഷണവും മൃഗവേട്ടയും മറ്റും നടത്തുന്നതായും ആദിവാസികള്‍ അറിയിച്ചു. പൊലീസ് കല്ലാര്‍ വനമേഖയില്‍ റെയ്ഡ് നടത്തി ആദിവാസി സമൂഹത്തിനു ഭീഷണിയായിമാറിയ അജ്ഞാതസംഘങ്ങളെ പിടികൂടണമെന്ന് ആദിവാസികള്‍ ആവശ്യപ്പെട്ടു.


