ഭരതന്നൂര്‍: നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ കുടുംബ ശ്രീയൂണിറ്റിന്റെ കന്റീനില്‍നിന്ന് കിടപ്പുരോഗി വാങ്ങിയ ആഹാരത്തില്‍ ചത്ത പഴുതാര. ഇതേത്തുടര്‍ന്ന് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദേശ പ്രകാരം കന്റീന്‍ അടച്ചുപൂട്ടി. ഓര്‍ത്തോവിഭാഗം രണ്ടില്‍ ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികില്‍സയില്‍കഴിയുന്ന ഭരതന്നൂര്‍ പുളിങ്കുന്ന് ഷാജി ഭവനില്‍ ഷാജിയുടെ കൂട്ടിരിപ്പുകാരന്‍ ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ കന്റീനില്‍നിന്നു പ്രഭാത ഭക്ഷണത്തോടൊപ്പം വാങ്ങിയ മുട്ടക്കറിയിലാണു പഴുതാര ചത്തുമലച്ചു കിടന്നത്.
ആഹാരം കഴിച്ചു തുടങ്ങിയപ്പോഴാണ് കറിയില്‍ പഴുതാരയെ കണ്ടത്. ഇതേത്തുടര്‍ന്ന് ഷാജി നിര്‍ത്താതെ ഛര്‍ദിച്ച് അവശനായതോടെ ഡ്യൂട്ടി ഡോക്ടറും നഴ്സും എത്തി പ്രഥമ ശുശ്രൂഷനല്‍കി. ഷാജിയുടെ രക്തം പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. മറ്റു നടപടികള്‍ അവധി കഴിഞ്ഞ് അടുത്തദിവസം തന്നെയുണ്ടാകുമെന്നു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.


