പേരയം: നാല് പതിറ്റാണ്ട് പഴക്കമാര്‍ന്ന റേഡിയോ കിയോസ്ക് പൊളിച്ചുമാറ്റിയശേഷം വസ്തു സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി. നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ പാലുവള്ളി സി.എസ്.ഐ. പള്ളി ജങ്ഷനിലാണ് സംഭവം.
1969-ല്‍ ചെല്ലപ്പന് എന്ന വ്യക്തിയാണ് ഈ വസ്തു ഗ്രാമപ്പഞ്ചായത്തിന്റെ പേരില്‍ പതിച്ചുനല്‍കിയത്. തുടര്‍ന്ന് അവിടെ റേഡിയോ കിയോസ്ക് നിര്‍മിച്ചു. 2001 വരെ ഈ കിയോസ്ക് നന്നായി പ്രവര്‍ത്തിച്ചിരുന്നു. ഒരുകാലത്ത് പാലുവള്ളി ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പായിരുന്നു ഈ കേന്ദ്രം. തിരഞ്ഞെടുപ്പുകാലത്തും ഭരണാധികാരികളുടെയും സിനിമാതാരങ്ങളുടെയും മരണസമയത്തുമൊക്കെ കിയോസ്കിന് ചുവട്ടില്‍ പാലുവള്ളി ഗ്രാമം ഒഴുകിയെത്തിയിരുന്നു.
പ്രവര്‍ത്തനം നിലച്ചതോടെ ഇതിനോടടുത്ത് വസ്തുവുണ്ടായിരുന്ന ചിലര്‍ കിയോസ്ക് പൊളിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് കിയോസ്ക് പൂര്‍ണമായും പൊളിച്ചുമാറ്റിയത്. ഇതിന്റെ ജനല്‍, കട്ടള, ഉപകരണങ്ങള്‍ എന്നിവയെല്ലാം സ്വകാര്യവ്യക്തി കൈവശപ്പെടുത്തി. വസ്തു അതിരുകെട്ടി സ്വന്തമാക്കിയതോടെയാണ് നാട്ടുകാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.
കിയോസ്ക് പൊളിച്ച് വസ്തു കൈവശപ്പെടുത്തിയതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് പാലോട് പോലീസില്‍ പരാതി നല്കിയതുകൂടാതെ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. സംഭവത്തില്‍ പാലോട് പോലീസ് കേസെടുത്തു.

