WELCOME
Wednesday, November 23, 2011
കുട്ടികളുടെ സിനിമാച്ചേട്ടന് വീണ്ടും പുരസ്കാരത്തിളക്കം
വിതുര: അരുണേഷ് ശങ്കര്‍ വിതുര-പാലോട് മേഖലയിലെ സ്കൂള്‍ കുട്ടികള്‍ക്ക് സിനിമാച്ചേട്ടനാണ്. സിനിമ സംവിധാനം ചെയ്യാനും അതില്‍ അഭിനയിക്കാനുമൊക്കെ അവരെ പഠിപ്പിച്ച, അവരുടെ സിനിമാച്ചേട്ടന്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി 13 സംസ്ഥാന അവാര്‍ഡുകള്‍ അവര്‍ക്ക് നേടിക്കൊടുത്ത അരുണേഷ് കുട്ടികളുടെ ചലച്ചിത്രം കുട്ടിക്കളിയല്ലെന്നും കാട്ടിക്കൊടുത്തു. ഇത്തവണ അരുണേഷിന്റെ നേതൃത്വത്തില്‍ പാലോട് ബി.ആര്.സി.ക്കു കീഴിലെ കുട്ടികള്‍ തയ്യാറാക്കിയ 'ഒറ്റമണിച്ചിലങ്ക' എന്ന സിനിമ അഞ്ച് പ്രധാന സംസ്ഥാന പുരസ്കാരങ്ങള്‍ കരസ്ഥമാക്കി.
നവംബര്‍ 14 മുതല്‍ 17 വരെ കോഴിക്കോട്ട് നടന്ന നാലാമത് സംസ്ഥാന ബാലചലച്ചിത്രമേളയിലാണ് 'ഒറ്റമണിച്ചിലങ്ക'യ്ക്ക് മികച്ച ചിത്രം, സംവിധാനം, ഛായാഗ്രഹണം, സംഗീതം, കലാസംവിധാനം എന്നീ അവാര്‍ഡുകള്‍ കിട്ടിയത്. 2010ല്‍ അരുണേഷ് ശങ്കറിന്റെ മേല്‍നോട്ടത്തില്‍ പാലോട് ബി.ആര്.സി. നിര്‍മിച്ച 'കാവല്‍ വാന'വും അഞ്ച് സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിരുന്നു. പാലോട് ബി.ആര്.സി.യും വിതുര ഗവണ്മെന്റ് യു.പി.എസും ചേര്‍ന്ന് 2009ല്‍ നിര്‍മിച്ച് മൂന്ന് അവാര്‍ഡുകള്‍ നേടിയ 'പാവല്‍ മധുര'ത്തിലായിരുന്നു സിനിമാച്ചേട്ടനും കുട്ടികളും കൂട്ടായത്.
കുട്ടനാട്ടുകാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'മാനവ് ബാക്ക് ടു' എന്ന ഹ്രസ്വചിത്രത്തിന്റെ പണിപ്പുരയിലാണ് അരുണേഷ് ഇപ്പോള്‍. മുഖ്യധാരാ സിനിമയിലേക്കുള്ള പ്രവേശനവും ചര്‍ച്ചാഘട്ടത്തിലാണ്. എങ്കിലും വന്ന വഴി മറക്കാതിരിക്കാന്‍ കുട്ടികളുടെ ചലച്ചിത്രോത്സവം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ 31കാരന്.


