തെന്നൂര്‍: റോഡ് പണിയിലെ ക്രമക്കേടും സ്വകാര്യവ്യക്തികളെ സഹായിക്കുന്ന കരാറുകാരന്റെ വഴിവിട്ട നയവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തെന്നൂര്‍ - ഇക്ബാല്‍ കോളേജ് റോഡിന്റെ പണി നാട്ടുകാര്‍ തടഞ്ഞു.
സ്ലാബുകളിട്ടു നല്‍കാതെ ഓടവെട്ടിയതില്‍ കഴിഞ്ഞദിവസം തന്നെ ഇവിടെ രൂക്ഷമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. തെന്നൂര്‍ ജങ്ഷനില്‍ കഴിഞ്ഞ ദിവസം റോഡ് ഓടകോരി നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും അഞ്ഞൂറ് മീറ്റര്‍ താഴെ എത്തിയപ്പോഴേക്കും മതില്‍ ഇടിയുമെന്ന തടസ്സവാദങ്ങളുമായി ചിലര്‍ എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പാലോട് എ. ഇ. ഓഫീസര്‍ അധികൃതര്‍ പറയുന്നു.
എന്നാല്‍ മുന്‍നിശ്ചയിച്ചപ്രകാരം തന്നെ റോഡ്‌നിര്‍മാണം നടത്തുമെന്നും ഓട കോരിയഭാഗങ്ങളില്‍ സ്ലാബ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറയുന്നു. റോഡ് നിര്‍മാണത്തില്‍ കരാറുകാരന്‍ വ്യക്തമായ ക്രമക്കേട് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ഷം രണ്ടാം വട്ടമാണ് ഈ റോഡിന്റെ നിര്‍മാണം നാട്ടുകാര്‍ തടയുന്നത്.


