പാലോട്: വഴയില ആറാംകല്ലിനു സമീപം അപകടത്തില്‍ അകാലത്തില്‍ പൊലിഞ്ഞ ഷീജാമോളുടെ സംസ്കാരച്ചടങ്ങുകള്‍ കൊച്ചുവിള, കടുവാക്കുഴി ഗ്രാമത്തെ കണ്ണീരണിയിച്ചപ്പോള്‍, ഭാര്യയെ അവസാനമായി ഒരുനോക്കു കാണാന്‍ ആശുപത്രിക്കിടക്കയില്‍ നിന്നെത്തിയ ഭര്‍ത്താവ് സതീഷ്കുമാറിന്റെയും മാതാവ് സുലോചനയുടെയും പിതാവ് തുളസീധരന്റെയും വിലാപം ഹൃദയഭേദകമായി.
ഇന്നലെ നാലു മണിയോടെ ഷീജാമോളുടെ കുടുംബവീടായ പെരിങ്ങമ്മല കടുവാക്കുഴിയിലാണു സംസ്കാരച്ചടങ്ങുകള്‍ നടന്നത്. മകള്‍ നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥി ആര്‍ദ്രയെ പേരൂര്‍ക്കട ആശുപത്രിയില്‍ ചികില്‍സയ്ക്കു കൊണ്ടു പോയ ശേഷം ഭര്‍ത്താവുമൊത്തു ബൈക്കില്‍ മടങ്ങവെയാണു പിന്നാലെ വന്ന വിഎസ്എസ്സിയുടെ നിയന്ത്രണത്തിലുള്ള വലിയമല ഐഐഎസ്ടിയുടെ ബസ് ഇടിച്ചുതെറിപ്പിച്ചത്.
ഷീജ തല്‍ക്ഷണം മരിച്ചു. പട്ടം എസ്യുടി ആശുപത്രിയില്‍ കഴിയുന്ന മകള്‍ ആര്‍ദ്രയ്ക്കു സാരമായ പരുക്കില്ല. ഷീജാമോളുടെ ഭര്‍തൃവീടായ പേരയം ആര്എസ്പുരവും മരണത്തില്‍ തേങ്ങി. സംസ്കാരച്ചടങ്ങുകളില്‍ ഈ ഗ്രാമത്തില്‍ നിന്നു ജനം ഒഴുകിയെത്തി. ബസ് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നതായി പറയപ്പെടുന്നു. ബസ് ഡ്രൈവര്‍ വിജയകുമാരന്‍ നായരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അമ്പലംമുക്ക് മുതല്‍ കരകുളം വരെയുളള യാത്രക്കിടയില്‍ ആറു ബൈക്കുകളും ഒരു മാരുതികാറും ഇടിച്ച് തെറിപ്പിച്ചാണ് ബസ് പോയത്. കരകുളത്തിനടുത്തുളള കൂട്ടപ്പാറയ്ക്കടുത്തുവച്ച് നാട്ടുകാര്‍ ബസ് തടഞ്ഞിട്ടാണ് ഡ്രൈവറെ പിടികൂടി പോലീസിനു കൈമാറിയത്.

