പാങ്ങോട് : പ്രവര്‍ത്തനരഹിതമായ തെരുവുവിളക്കുകള്‍ കല്ലറ, പാങ്ങോട് പഞ്ചായത്തുകള്‍ക്ക് സൃഷ്ടിച്ചിരിക്കുന്നത് ലക്ഷങ്ങളുടെ ബാദ്ധ്യത. പൊതുസ്ഥലങ്ങളില്‍ തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് പ്രതിമാസം 20,000 മുതല്‍ 40,000 രൂപ വരെയാണ് പഞ്ചായത്തുകള്‍ക്ക് കെ.എസ്.ഇ.ബിക്ക് അടയ്ക്കേണ്ടിവരുന്നത്. എന്നാല്‍ മിക്ക സ്ഥലങ്ങളിലും മാസങ്ങളായി തെരുവുവിളക്കുകള്‍ മിഴിയടച്ച സ്ഥിതിയാണ്. ഒരു സാദാ ബള്‍ബ് 12 മണിക്കൂര്‍ പ്രകാശിക്കുന്നതിന് 27 രൂപയും ട്യൂബിന് 38 രൂപയും സി.എഫ്.എലിന് 20 രൂപയും സോഡിയം വേപ്പര്‍ ലാമ്പിന് 80 രൂപയുമാണ് ബോര്‍ഡിന്റെ ചാര്‍ജ്. ഇവ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ഇലക്ട്രിസിറ്റി ബോര്‍ഡില്‍ പണം അടയ്ക്കണം.
തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ പഞ്ചായത്തധികൃതര്‍ കാട്ടുന്ന അനാസ്ഥയാണ് ഇത്തരത്തിലൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നതെന്നും ആരോപണം ഉണ്ട്.
അതേസമയം കാലാകാലങ്ങളില്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും വേണ്ടത്ര പ്രയോജനം കിട്ടുന്നില്ലെന്ന നിലപാടിലാണ് പാങ്ങോട് പഞ്ചായത്തധികൃതര്‍.
ബോര്‍ഡ് വിതരണം ചെയ്യുന്ന സാമഗ്രികള്‍ നിലവാരം പുലര്ത്തുന്നവയല്ലെന്ന ആക്ഷേപവും ഉയര്‍ന്നുവരുന്നുണ്ട്.

