പാലോട്: നിനച്ചിരിക്കാതെ ഭാര്യയെ വിധി അപഹരിച്ചതിന്റെ ആഘാതത്തില്‍ നിന്ന് സതീഷ്കുമാര്‍ ഇനിയും മുക്തനായിട്ടില്ല. എന്താണ് സംഭവിച്ചതെന്നു നിശ്ചയവവുമില്ല. അമ്മയെ തിരയുന്ന അഞ്ചു വയസുകാരിയായ മകളോട് എന്തു പറയണമെന്നും ഈ പിതാവിന് അറിയില്ല. ശനിയാഴ്ച വൈകിട്ട് മകള്‍ സാന്ദ്രയെ (5) ശാസ്തമംഗലത്തെ ഒരുഡോക്ടറെ കാണിച്ച ശേഷം ബൈക്കില്‍ മടങ്ങവേ, കരകുളം പുരവൂര്‍ക്കോണത്ത് വച്ച് പിന്നാലെ വന്ന വി.എസ്.എസ്.സി ബസ് തട്ടിത്തെറിപ്പിക്കുകയായിരുന്നു സതീഷ്കുമാറിന്റെ ജീവിതത്തെ. റോഡില്‍ തലയിടിച്ചു വീണ ഭാര്യ ഷീജമോള്‍ (27) ആശുപത്രിയിലേയ്ക്കുള്ള വഴി മദ്ധ്യേ മരിച്ചു. മകള്‍ സാന്ദ്രയുടെ കൈവിരലുകള്‍ക്ക് പൊട്ടലേറ്റു. ആശുപത്രി കിടക്കയില്‍ കഴിയുന്ന കുട്ടിയെ അമ്മയുടെ വേര്‍പാട് അറിയിച്ചിട്ടില്ല.
പേരയം ആശാ ഭവനില്‍ സതീഷ്കുമാര്‍ ആശാരിപ്പണിക്കാരനാണ്. പെരിങ്ങമ്മല കൊച്ചുവിള സ്വദേശിയായ ഷീജയെ ആറ് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ദരിദ്രമായ ചുറ്റുപാടില്‍ നിന്ന് ഡിഗ്രി വരെ പഠിച്ച ഷീജാമോള്‍ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരിയായിരുന്നു.
സതീഷിന്റെ മാതാപിതാക്കളോടൊപ്പം കുടുംബ വീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു തുണ്ട് മണ്ണു വാങ്ങണം. അവിടെ ഒരു കൂര വയ്ക്കണം. മകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണം. ഷീജയുടെയും സതീഷിന്റെയും സ്വപ്നങ്ങള്‍ക്ക് അതിരില്ലായിരുന്നു.
എല്ലാ ചുമതലകളും തന്റെ ചുമലില്േപിച്ച് അകാലത്തില്‍ വേര്‍പിരിഞ്ഞ ഭാര്യയുടെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടുകയാണ് സതീഷ്കുമാര്‍.

