പാലോട്: മഞ്ഞു വീഴ്ചയുടെ മനോഹാരിതയിലാണ് പൊന്‍മുടി. അതില്‍ അലിഞ്ഞു ചേര്‍ന്നുല്ലസിക്കാന്‍ വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് പൊന്‍മുടിയിലേക്ക്. പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ് ഇപ്പോള്‍ ഇവിടെയെത്തുന്നവര്‍ക്ക്. സുഖ ശീതള കാലാവസ്ഥയും പരസ്പരം മറയ്ക്കുന്ന മഞ്ഞു വീഴ്ചയും ഒരു ആകാശയാത്രയുടെ പ്രതീതിയാണു സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നത്.
നിമിഷ നേരം കൊണ്ട് കുന്നുകളെ മഞ്ഞു മൂടുന്നതും കാറ്റു വന്ന് അതിവേഗം അതിനെ മായ്ക്കുന്നതും കാഴ്ചയ്ക്ക് സമ്മാനിക്കുന്നതു വിരുന്നു തന്നെ. വൈകിട്ട് ആകാശത്തെ നിറക്കൂട്ടുകളും കുന്നിന്‍ നെറുകയിലെ സ്വര്‍ണ വര്‍ണവും വിവരണാതീതമാണ്. രാവിലെയും വൈകിട്ടുമാണു മഞ്ഞിറക്കത്തിന്റെ നയനാനന്ദകരമായ കാഴ്ച. മഞ്ഞിന്റെ പിടിയിലായതോടെ ഹെയര്‍പിന്‍ വളവുകള്‍ താണ്ടി പൊന്‍മുടിയിലേക്കുള്ള യാത്ര അപൂര്‍വ അനുഭവമായി.


