പാലോട്: കുടിക്കാനും പ്രാഥമിക കര്‍മങ്ങള്‍ക്കും ഒരു തുള്ളിവെള്ളമില്ല, കഴിക്കാന്‍ ആഹാരവും. മത്സരവേദിക്ക് മുന്നില്‍ കുട്ടികള്‍ തളര്‍ന്നുവീഴുന്നു. കൂടെയെത്തിയ അധ്യാപകരും രക്ഷിതാക്കളും നിസ്സഹായാവസ്ഥയില്‍. മിതൃമ്മല ഗവ. എച്ച്.എസ്.എസ്. വിദ്യാലയങ്ങളില്‍ നടക്കുന്ന പാലോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവ വേദിയില്‍ ഒന്നാംദിവസം തന്നെ പരാതി പ്രവാഹം.
ഉപജില്ലയിലെ 79 വിദ്യാലയങ്ങളില്‍ നിന്നായി 2300 കുട്ടികളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്നത്. കൂടാതെ ഇവരോടൊപ്പമുള്ള അധ്യാപകരും രക്ഷിതാക്കളും. ഒരാള്‍ക്കും സംഘാടകസമിതി ഭക്ഷണമോ, കുടിവെള്ളമോ നല്‍കുന്നില്ല. എന്നാല്‍ പണപ്പിരിവിന് ഒരു കുറവും വരുത്തിയിട്ടുമില്ല. ഭക്ഷണവും വെള്ളവും ചോദിച്ച കുട്ടികളോടും അധ്യാപകരോടും ഫണ്ടില്ല, അതിനാല്‍ ഭക്ഷണം നല്‍കാനാവില്ലെന്നും സ്‌കൂളില്‍ പ്രത്യേക ക്യാന്റീന്‍ തുടങ്ങിയിട്ടുണ്ട് അവിടെനിന്നും പണം നല്‍കി ആഹാരം കഴിക്കാം എന്നുമാണ് എ.ഇ.ഒ. ഷാജുവും ജനറല്‍കണ്‍വീനര്‍ ഗീതയും മറുപടി നല്‍കിയത്. കലോത്സവത്തില്‍ ഭക്ഷണം നല്‍കുന്നത് ഒരു കീഴ്‌വഴക്കമായിരുന്നു. ഇത്തവണയും ജില്ലാ, ഉപജില്ലാ മത്സരങ്ങളില്‍ ഉച്ചഭക്ഷണം നല്‍കുന്നുണ്ട്.
ഇതുകേട്ട് ക്യാന്റീനിലെത്തിയവര്‍ക്കും കിട്ടി ഇരുട്ടടി. ക്യാന്റീനില്‍ ചോറ് വിളമ്പിനല്‍കില്ല. പൊതിച്ചോര്‍ മാത്രം. വിശന്നുവലഞ്ഞവര്‍ 23ഉം 25ഉം രൂപ നല്‍കി പൊതി വാങ്ങി നിവര്‍ത്തിയപ്പോള്‍ കണ്ണുമിഴിച്ചു. രണ്ടുപിടിച്ചോറും രണ്ട് കറിയും. ഇത് ചോദ്യം ചെയ്തവര്‍ക്ക് വേണമെങ്കില്‍ കഴിച്ചാല്‍മതി എന്ന മറുപടിയും. വിശന്നുതളര്‍ന്ന ചില കുട്ടികള്‍ പ്രധാനവേദിയിലും മൂന്നാമത്തെ സ്റ്റേജിലും തലചുറ്റിവീണത് ഏറെ സമയത്തെ ഒച്ചപ്പാടിനിടയാക്കി. രാവിലെതന്നെ വീടുവിട്ടുവന്നവരായതിനാല്‍ മിക്കപേരും കൈയില്‍ ആഹാരം കരുതിയിരുന്നില്ല.
ഫണ്ട് ഇല്ലാഞ്ഞിട്ടാണ് ആഹാരം നല്‍കാത്തത് എന്നവാദം പൊള്ളത്തരമാണെന്ന് അധ്യാപകര്‍ പറയുന്നു. എല്‍.പിക്ക്-6, യു.പി.ക്ക്-8, എച്ച്.എസിന്-12 രൂപനിരക്കില്‍ കുട്ടികളുടെ തലയെണ്ണി പണം വാങ്ങിയശേഷം മാത്രമാണ് വിദ്യാലയങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. കൂടാതെ പി.ടിഎ-100, പ്രധാനധ്യാപകര്‍-125, അധ്യാപകര്‍-100 രൂപ എന്നീ ക്രമത്തിലും പിരിവ് നടന്നിരുന്നു.
ഇതുകൂടാതെയാണ് സംഘടനകളുടെ പിരിവ്. എല്ലാംചേര്‍ന്ന് ഭീമമായ തുകയാണ് പ്രോഗ്രാം ട്രഷറര്‍ ആയ എ.ഇ.ഒയുടെ പക്കല്‍വരുന്നത്. ഇത്രയും പണം സ്വരൂപിച്ചിട്ടും ആഹാരം നല്‍കാത്തതെന്ത് എന്ന ചോദ്യത്തിന് സ്‌കൂളില്‍ വെള്ളമില്ലെന്ന മുടന്തന്‍ ന്യായമാണ് അധികൃതര്‍ പറഞ്ഞത്.
സ്വാഗതസംഘത്തില്‍പ്പെട്ട ചിലര്‍ തന്നെയാണ് കലോത്സവത്തിന് വേണ്ടി സ്‌കൂളിനകത്ത് ക്യാന്റീന്‍ തുടങ്ങിയത്. ഇവരെ സഹായിക്കാനാണത്രെ കലോത്സവത്തിനെത്തുന്നവര്‍ക്ക് ആഹാരം നല്‍കേണ്ടാ എന്ന് തീരുമാനിച്ചത്. ഒരു ഹോട്ടല്‍പോലും ഇല്ലാത്ത മിതൃമ്മലയില്‍ എന്തെങ്കിലും കഴിക്കണമെന്നുള്ളവര്‍ ഒന്നുകില്‍ ക്യാന്റീന്‍ എന്ന മുതലക്കെണിയില്‍ തലവെയ്ക്കണം. അല്ലെങ്കില്‍ ആറു കിലോമീറ്റര്‍ യാത്രചെയ്ത് കല്ലറ ടൗണില്‍ എത്തണം.
പുലര്‍ച്ചെ രണ്ടുമണിവരെ മത്സരങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ആഹാരത്തിനും കുടിവെള്ളത്തിനുമായി എന്തുചെയ്യും എന്ന ആശങ്കയിലാണ് സംഘാടകസമിതി ഒഴികെയുള്ള മുഴുവന്‍പേരും. 25-ാം തീയതിവരെ ഈ ദുരിതം തുടരണം.

