നന്ദിയോട്: പൊട്ടന്‍ചിറ, കുറുങ്ങണം പ്രദേശങ്ങളില്‍ മദ്യവില്പനയും സമൂഹവിരുദ്ധശല്യവും രൂക്ഷമാകുന്നത് ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുന്നു. പൊട്ടന്‍ചിറ കുടിയേറ്റഭൂമി കേന്ദ്രീകരിച്ചാണ് വ്യാജമദ്യവില്പന തകര്‍ക്കുന്നത്. ബിവറേജ് കോര്‍പ്പറേഷനില്‍നിന്നും വാങ്ങുന്ന മദ്യം ഇവിടെയെത്തിച്ച് ചില്ലറ വില്പന നടത്തുകയാണ് പതിവ്.
പൊട്ടന്‍ചിറ കേന്ദ്രീകരിച്ച് സമീപകാലത്ത് കൈയേറി താമസമായ ചില വീടുകള്‍ കേന്ദ്രീകരിച്ചാണ് സമൂഹവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നത്. രാത്രികാലങ്ങളില്‍ പുറത്തുനിന്നും ധാരാളം വാഹനങ്ങള്‍ ഇവിടെ വരുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പാലോട് പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ പോലീസ് ഇടപെടല്‍ ഇല്ലാതെ വന്നതിനെതുടര്‍ന്ന് വെള്ളിയാഴ്ച നാട്ടുകാര്‍തന്നെ ചിലരെ പിടികൂടി പോലീസിന് കൈമാറി. എന്നാല്‍ ഇതില്‍ വേണ്ടത്ര അന്വേഷണമോ നടപടികളോ ഉണ്ടായില്ലെന്ന് നാട്ടുകാര്‍തന്നെ പറയുന്നു.
കൈയേറ്റഭൂമിയില്‍ നിലവില്‍ ഏതാണ്ട് 28 കുടുംബങ്ങള്‍ താമസമുണ്ട്. ഇവരും നിരന്തര ഭീഷണിയിലാണ്. നേരത്തെ നാട്ടുകാര്‍ പരാതിപ്പെട്ടതിനെതുടര്‍ന്ന് ചില ഗുണ്ടകള്‍ ഇവിടെയെത്തി ഇവരെ വിരട്ടിയ സംഭവവുമുണ്ടായി. പ്രദേശത്തെ സമാധാന അന്തരീക്ഷം തകരുന്നതില്‍ പ്രതിഷേധിച്ച് ജനജാഗ്രതാസമിതി ഉണ്ടാക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.


