പാലോട്: ഇറിഗേഷന്‍ പദ്ധതി പ്രകാരം അഞ്ചുവര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കല്ലുകെട്ട് തകര്‍ന്നു. ഇതോടെ കുറുന്താളി, മിച്ചഭൂമി പ്രദേശത്തേക്കുള്ള യാത്ര ദുരിതപൂര്‍ണമായി. പ്രതിദിനം സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകളാണ് ഈ വഴി ഉപയോഗിക്കുന്നത്.
പ്ലാവറ ബി. ആര്‍. സി. ജങ്ഷനുസമീപത്തുനിന്നും ആരംഭിക്കുന്ന ഈ റോഡ് കുറുന്താളിയിലെത്താനുള്ള ഏറ്റവും എളുപ്പമുള്ള പാതയാണ്. വെള്ളപ്പൊക്കത്തില്‍ റോഡ് ഒലിച്ചുപോയതിനെതുടര്‍ന്ന് രണ്ടുതവണ മുമ്പ് ഇവിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. തുടര്‍ന്ന് ഫ്‌ളഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഏറ്റവും ഒടുവില്‍ കല്ലുപാകി റോഡ് നവീകരിച്ചത്. അന്ന് മൂന്നരലക്ഷം ചെലവിട്ടാണ് കല്ലുകെട്ടി റോഡ് നിര്‍മിച്ചത്. ഇതോടെ ആദ്യത്തെ ഒരുവര്‍ഷത്തെ യാത്ര സുഗമമായിരുന്നെന്ന് നാട്ടുകാര്‍. എന്നാല്‍ തൊട്ടടുത്ത വര്‍ഷത്തെ മഴയില്‍ കല്ലുകെട്ടില്‍ പാതിയും ഇടിഞ്ഞുതീര്‍ന്നു.
മഴവെള്ളം കുത്തിയൊലിച്ചെത്തിയതോടെ തടയണയും ഒലിച്ചുപോയി. ഇതോടെ കുറുന്താളിയിലേയ്ക്കുള്ള യാത്ര ഗതികേടിലായി. പാലോട് ബസ്‌സ്റ്റേഷന്‍ വഴിയുള്ള റോഡ് തകര്‍ന്ന് ഗതാഗതം നിലച്ചിട്ട് മാസങ്ങള്‍ കഴിയുന്നു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഏക ആശ്രയമായിരുന്ന റോഡാണ് കല്ലുകെട്ട് തകര്‍ന്ന് അപകടാവസ്ഥയിലായത്.


