പാലോട്: സഹകരണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിനതീതമാകണമെന്നും, എന്തിനെയും എതിര്‍ക്കുന്ന സമീപനം നല്ലതല്ലെന്നും സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നന്ദിയോട് സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ നാളികേര കോംപ്ളക്സിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ പലതും നഷ്ടത്തിലാണെങ്കിലും ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുള്ള സംഘങ്ങള്‍ വിജയിച്ചിട്ടുണ്ടെന്നും, നാളികേര പ്രോജക്ട് ലാഭം തരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ തൊഴില്‍ നല്‍കാന്‍ കൂടി കഴിയുന്ന ജനകീയ പ്രോജക്ടുകള്‍ക്ക് ഗവണ്‍മെന്റ് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പറഞ്ഞു. കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എ. സമ്പത്ത് എംപി, പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, സഹകരണ റജിസ്ട്രാര്‍ എസ്. രവീന്ദ്രന്‍, ബ്ളോക്ക് അംഗം മഞ്ജു മധുസൂദനന്‍, ബാങ്ക് പ്രസിഡന്റ് കെ. ചക്രപാണി, സെക്രട്ടറി ലതാകുമാരി എന്നിവരും, ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, സഹകരണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും, സഹകരണസംഘം പ്രസിഡന്റുമാരും ഉള്‍പ്പെടെ അനവധി പേര്‍ സംബന്ധിച്ചു.
തുടക്കമെന്ന നിലയില്‍ നാളികേരം സംഭരിച്ചു വെളിച്ചണ്ണയാക്കി വിപണിയിലെത്തിക്കുന്ന പ്രോജക്ടിനു സര്‍ക്കാരിന്റെ ഒരു കോടി സബ്സിഡി ഇനത്തില്‍ ലഭിക്കും. നൂറിലേറെ പ്പേര്‍ക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ സാധ്യതയുള്ള പദ്ധതിപ്രകാരം ദിവസം 25,000 നാളികേരം പ്രോസസിങ് നടത്താന്‍ കഴിയുന്ന യൂണിറ്റാണു സ്ഥാപിക്കുന്നത്.


