WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, November 17, 2011

അബ്ദുല്‍ ഖരീം ജീവിതം കണ്ടെത്തുന്നത് മുഷിഞ്ഞുകീറിയ നോട്ടുകളില്‍


പാലോട്: മുഷിഞ്ഞുകീറിയ നോട്ടുകള്‍ കൈയിലുള്ളവര്‍ നിരാശയോടെ വലിച്ചെറിയാന്‍ വരട്ടെ. ഭരതന്നൂര്‍ കാഞ്ചിനട ചാമവിള വീട്ടില്‍ അബ്ദുല്‍ ഖരീം എന്ന 82 കാരന്‍ നിങ്ങളെ തേടിവരും. കാരണം കീറിമുഷിഞ്ഞ പഴയ നോട്ടുകളിലാണ് അബ്ദുല്‍ ഖരീം ജീവിതം കണ്ടെത്തുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇദ്ദേഹം പഴയ നോട്ടുകള്‍ തേടി യാത്ര ചെയ്യുന്നു.

മാന്യമായ വില നല്‍കിയാണ് അബ്ദുല്‍ ഖരീം പഴയ നോട്ടുകള്‍ വാങ്ങുന്നത്. കീറലിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് വില കുറയുമെന്നു മാത്രം. എങ്കിലും നൂറിന്റെ നോട്ടിന് പരമാവധി 80 രൂപ വരെ നല്‍കും. കൂടുതലും ലഭിക്കുന്നത് അന്‍പതിന്റെയും പത്തിന്റെയും നൂറിന്റെയും നോട്ടുകളാണ്. പുലര്‍ച്ചെ തന്നെ ഇറങ്ങുകയാണെങ്കില്‍ പ്രതിദിനം 3000 രൂപ വരെ ലഭിക്കുമെന്ന് അബ്ദുല്‍ ഖരീം. കല്ലമ്പലം, വര്‍ക്കല, കൊല്ലം, കടയ്ക്കല്‍, മടത്തറ, പാലോട്, വിതുര, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഈ മുഖം പലപ്പോഴായി നമ്മള്‍ കണ്ടിരിക്കും.

മൊത്തക്കച്ചവടകേന്ദ്രങ്ങള്‍, ബിവറേജസ് കൗണ്ടറുകള്‍, മത്സ്യക്കച്ചവടക്കാര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ നോട്ടുകള്‍ ലഭിക്കാറുള്ളത്. മാസത്തില്‍ ഒന്നോ രണ്ടോ തവണ എല്ലായിടത്തും ഖരീം എത്തും. ശേഖരിക്കുന്ന നോട്ടുകളെല്ലാം തിരുവനന്തപുരത്തെ റിസര്‍വ് ബാങ്കിന്റെ ശാഖയില്‍ കൊണ്ടുപോയി നല്ല നോട്ടുകളാക്കിമാറ്റും. ഇതാണ് തന്റെയും കുടുംബത്തിന്റെയും വരുമാനമാര്‍ഗമെന്ന് അഭിമാനത്തോടെ പറയുന്നതില്‍ ഖരീമിന് ഒരു വിഷമവുമില്ല.

സ്ഥിരമായി കാണുന്ന മുഖമായതിനാല്‍ റിസര്‍വ് ബാങ്കിന്റെ ഓഫീസിലെ ജീവനക്കാര്‍ക്കും തന്നോട് ഒരു പ്രത്യേക സ്‌നേഹമുണ്ടെന്ന് ഖരീം.

പ്രായത്തിന്റെ അവശതകള്‍ ഈ വൃദ്ധനെ ബാധിച്ചുകഴിഞ്ഞു. കാലുവേദന കാരണം കഴിഞ്ഞ രണ്ട് മാസത്തോളം പുറത്തിറങ്ങാനായില്ല. ഭാര്യ അസംബീവിയും ഭര്‍ത്താവിന്റെ സഹായത്തിനുണ്ട്. മക്കള്‍ നാലുപേര്‍. ഇതില്‍ ഇളയമകനായ സലീമും കുടുംബവും ഇവരോടൊപ്പം തന്നെ. ജീവിക്കാനായി മുഷിഞ്ഞ നോട്ടുകള്‍ തേടിയിറങ്ങുമ്പോഴും തന്റെ ജീവിതത്തില്‍ മുഷിച്ചിലില്ലെന്ന് ഒരു പുഞ്ചിരിയോടെ അബ്ദുല്‍ ഖരീം പറയുന്നു.