പാലോട്: വൃശ്ചികത്തിന് മലകയറാന്‍ കെട്ടുമുറുക്കി ശരണംവിളി ഉയരുമ്പോള്‍ കൈയെത്തുംദൂരത്തെ മുസ്‌ലിംപള്ളിയിലെ മൈക്ക് പതിയെ നിശ്ശബ്ദമാകും. മഹരിബ് നമസ്‌കാരത്തിന് മുസ്‌ലിം സഹോദരന്മാര്‍ തയ്യാറെടുക്കുമ്പോള്‍ അമ്പലത്തിലെ ശംഖുനാദത്തിനും ഇടവേള. അമ്പലത്തിനും പള്ളിക്കുംകൂടി ഒരു മതില്‍. കിണറും ഒന്നുമാത്രം. കാണിക്കവഞ്ചികള്‍ തൊട്ടടുത്ത് -ഇത് ഇടിഞ്ഞാര്‍. മതമാത്സര്യങ്ങള്‍ക്കുമേല്‍ പടവാളുയര്‍ത്തിനില്‍ക്കുന്നവര്‍ക്ക് മാനവസ്‌നേഹംകൊണ്ട് മറുപടി പറയുന്ന ഗ്രാമം.
ഇടിഞ്ഞാറിലെ മുസ്‌ലിം ജമാ അത്ത് പള്ളിയും ഇടിഞ്ഞാര്‍ ശിവക്ഷേത്രവും ഒരേ മതില്‍ക്കെട്ടിനുള്ളില്‍ തൊട്ടുരുമ്മിനിന്നാണ് ഈ നാടിന് നന്മ ചൊരിയുന്നത്. അയ്യപ്പനും വാവരും പോലെ.
പാലോട്-ബ്രൈമൂര്‍ റോഡിലാണ് ഇടിഞ്ഞാര്‍ ഗ്രാമം. സ്വാതന്ത്ര്യത്തിനുമുമ്പ് മെര്‍ക്കിസ്റ്റണ്‍ സായിപ്പ് കാപ്പിയും തേയിലയും കൃഷിചെയ്യാന്‍ മലകയറി ബ്രൈമൂറില്‍ എത്തിയപ്പോള്‍മുതലാണ് ഇടിഞ്ഞാര്‍ എന്ന ഗ്രാമം പുറംലോകം അറിഞ്ഞുതുടങ്ങിയത്. പഴമക്കാരന്റെ മനസ്സില്‍ അമ്പലത്തിനും പള്ളിക്കും എണ്‍പതാണ്ടിന്റെ പഴക്കമുണ്ട്.
വൃശ്ചികം ഒന്നിന് മണ്ഡലം പിറക്കുന്നതോടെ ക്ഷേത്ര ഉത്സവത്തിന് തിരിതെളിയും. അത് തൊട്ടടുത്തുള്ള പള്ളിയുടെകൂടി ഉത്സവമാണ്. ഭക്തര്‍ കാണിക്കയര്‍പ്പിക്കുന്നത് രണ്ടിടത്തുംകൂടിയാണ്. ആഘോഷങ്ങള്‍... അത് നബിദിനമോ മതപ്രസംഗപരമ്പരയോ മകരവിളക്ക് ഉത്സവമോ എന്തോ ആയിക്കോട്ടെ, അതു വിജയിപ്പിക്കാന്‍ ഇവിടത്തുകാര്‍ തോളോടുതോള്‍ ചേര്‍ന്നുനിന്ന് പ്രയത്‌നിക്കും. ആരാധനാലയങ്ങള്‍ രണ്ടും അലങ്കരിക്കും. കുടിവെള്ളത്തിനുപോലും ഇവര്‍ക്ക് ഒരു കിണര്‍ മാത്രം.
ഖുര്‍-ആന്‍ പാരായണത്തിന് എത്തുന്ന കുട്ടികള്‍ പള്ളിയിലേക്ക് പോകുന്നത് ക്ഷേത്രമുറ്റത്തുകൂടി. ഉത്സവങ്ങള്‍ തീരുമാനിക്കുന്നത് ഇരുകമ്മിറ്റിക്കാരും ഒത്തുചേര്‍ന്ന്. ഇവിടെ നിഷേധത്തിന്റെ അപസ്വരങ്ങളോ വിശ്വാസത്തിന്റെ വിലങ്ങുകളോ ഇല്ല. ഇക്കാര്യത്തില്‍ ക്ഷേത്രപൂജാരി പദ്മനാഭന്‍ കാണിക്കും പള്ളിക്കമ്മിറ്റി പ്രസിഡന്റ് സഖരിയയ്ക്കും സെക്രട്ടറി ആഷീഫ് മുഹമ്മദിനും മാത്രമല്ല ഇടിഞ്ഞാറിലെ ജനതയ്ക്കാകെയും ഒരേ മനസ്സാണ്.
വിശ്വാസങ്ങള്‍ ഏതായാലും അത് മനുഷ്യനെ നന്മയിലേക്കും പരസ്പരസ്നേഹത്തിലേക്കുമാണ് നയിക്കേണ്ടതെന്ന മഹദ്‌വചനം പ്രവൃത്തിയിലൂടെ സാര്‍ത്ഥകമാക്കുകയാണ് ഇടിഞ്ഞാര്‍ എന്ന ഈ ചെറിയ ഗ്രാമം.


