വിതുര: രാവിലെയും വൈകീട്ടും കൊടുംവനത്തിലൂടെയുള്ള കുട്ടികളുടെ യാത്രയ്ക്ക് പരിഹാരമായി വനംവകുപ്പിന്റെ ജീപ്പ്. പക്ഷേ അതിന് പൊടിയക്കാലയിലെ കുട്ടികള്‍ നല്‍കേണ്ടിവന്ന വില ഊരിലെ തലമുതിര്‍ന്നയാളായ അപ്പുക്കുട്ടന്‍ കാണിയുടെ ജീവന്‍. കാല്‍നൂറ്റാണ്ട് പിന്നിട്ട ആവശ്യങ്ങളില്‍ ചിലതിന് അപ്പുക്കുട്ടന്റെ മരണത്തോടെ അധികൃതര്‍ സമ്മതം മൂളിയിരിക്കുകയാണ്.
ഈ മാസം ആറിന് മകളുടെ വീട്ടില്‍ പോകാനിറങ്ങിയ അപ്പുക്കുട്ടന്റെ മൃതദേഹം ബുധനാഴ്ച രാവിലെ കാട്ടാന നാശംവിതച്ച വനമേഖലയില്‍ നിന്നാണ് കണ്ടെടുത്തത്. രോഷാകുലരായ നാട്ടുകാരും ആദിവാസി മഹാസഭ, ക്ഷേമസമിതി ഭാരവാഹികളും ചേര്‍ന്ന് വനപാലകരെയും പോലീസിനെയും തടഞ്ഞു. സ്ഥലത്തെത്തിയ തിരുവനന്തപുരം ഡി.എഫ്.ഒ. പുകഴേന്തിയും നെടുമങ്ങാട് തഹസില്‍ദാര്‍ ഡേവിഡ് ജോണും നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ആവശ്യങ്ങളില്‍ ചിലതിന് പരിഹാരമായത്.
രാവിലെ സ്‌കൂളിലേക്കും വൈകീട്ട് തിരിച്ചും പൊടിയക്കാലയിലെ കുട്ടികള്‍ നടക്കുന്നത് ആനത്താരയിലൂടെയാണ്. ബുധനാഴ്ച ഈ കുട്ടികള്‍ നടന്നുവന്നപ്പോള്‍ കണ്ടത് ഏറെ പരിചിതനായ അപ്പുക്കുട്ടന്റെ അഴുകിയ മൃതദേഹമായിരുന്നു. കുട്ടികളെയും കൂടി സാക്ഷി നിര്‍ത്തിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തുടര്‍ന്നാണ് ഇവര്‍ക്ക് രാവിലെയും വൈകീട്ടും വനംവകുപ്പിന്റെ ജീപ്പ് വിട്ടുകൊടുക്കാന്‍ തീരുമാനമായത്.
പേപ്പാറ ഡാം സ്ഥാപിക്കാനായി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളെയാണ് പൊടിയക്കാല വനത്തില്‍ പുനരധിവസിപ്പിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുമെന്ന വാഗ്ദാനമാണ് കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും പാലിക്കപ്പെടാത്തത്. റോഡിനും വൈദ്യുതിക്കുമുള്ള വനംവകുപ്പിന്റെ തടസ്സം ഒഴിവാക്കുമെന്ന് ഡി.എഫ്.ഒ. പുകഴേന്തി ബുധനാഴ്ച പൊടിയക്കാല നിവാസികള്‍ക്ക് ഉറപ്പുനല്‍കി. 'കൊലകൊല്ലി' എന്ന പേരില്‍ അറിയപ്പെട്ട കാട്ടാനയുടെ ആക്രമണങ്ങള്‍ മറക്കുംമുമ്പാണ് പൊടിയക്കാല നിവാസികള്‍ക്ക് വീണ്ടും കാട്ടാന ഭീഷണി ഉണ്ടായിരിക്കുന്നത്.


