WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, November 8, 2011

ശാപമോക്ഷം കാത്ത് മടത്തറ ചന്ത



പാലോട്:  മലഞ്ചരക്കിന്റെ ക്രയവിക്രയത്തിന് അനന്ത സാധ്യതകള്‍ ഉണ്ടെങ്കിലും മടത്തറ ചന്തയുടെ  ശോച്യാവസ്ഥമൂലം  കര്‍ഷകര്‍ക്കു നല്ല വിപണി കണ്ടെത്താനാവുന്നില്ല. ശാപമോക്ഷം കാത്തു കഴിയുന്ന ഏറെ പഴക്കമുള്ള  മടത്തറ ചന്തയ്ക്ക് അരയേക്കറോളം വസ്തു ഉണ്ടെങ്കിലും  അതു പൂര്‍ണമായും പ്രയോജനപ്പെടുത്താതെ ഇട്ടാവട്ടത്താണു നിലവില്‍  പ്രവര്‍ത്തിക്കുന്നത്. സ്ഥലപരിമിതിയും സൌകര്യമില്ലായ്മയും തന്നെയാണ് ഇവിടത്തെ പ്രശ്നം. ചന്തയുടെ സ്ഥലം ഭൂരിഭാഗവും കാട് മൂടി ഇഴജന്തുക്കളുടെ വാസകേന്ദ്രമായി. പേരിനായി ഓല ഷെഡില്‍ തീര്‍ത്ത മൂന്നോ നാലോ കടകള്‍ മാത്രമാണ് ഇന്നു മാര്‍ക്കറ്റില്‍ ഉള്ളത്.

ചന്തയുടെ പരിമിതികള്‍മൂലം മിക്കവാറും മല്‍സ്യച്ചന്തകള്‍ നടക്കുന്നതു മടത്തറ സ്കൂള്‍ പരിസരത്താണ്. വിശാലമായ കൃഷി മേഖലയുടെ ആസ്ഥാനമായ മടത്തറയില്‍ നല്ലൊരു മാര്‍ക്കറ്റിനു സാധ്യതകളുണ്ടെന്നും  മാര്‍ക്കറ്റ് നവീകരിച്ചു സൌകര്യമൊരുക്കിയാല്‍ കാര്‍ഷിക, പരമ്പരാഗത മേഖലകള്‍ക്ക് ഉണര്‍വേകുമെന്നും ചൂണ്ടിക്കാട്ടുന്നു.  പെരിങ്ങമ്മല പഞ്ചായത്തിലാണു മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നതെങ്കിലും കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ ഇവിടെ ചിതറ പഞ്ചായത്തിലെയും കര്‍ഷകര്‍ക്കു പ്രയോജനം ചെയ്യും.  മാര്‍ക്കറ്റിനായുള്ള മുഴുവന്‍ ഭൂമിയും പ്രയോജനപ്പെടുത്തി അടിസ്ഥാന സൌകര്യങ്ങളൊരുക്കി മടത്തറ ചന്തയെ വികസിപ്പിക്കണമെന്നാണു നാട്ടുകാരുടെ അഭിപ്രായം.