![]() |
| band stand/radio kiosk at Museum Park. |
പാലോട്: പാലുവള്ളിയില്‍ അര നൂറ്റാണ്ടായി സ്ഥിതി ചെയ്യുന്ന റേഡിയോ കിയോസ്ക് രാത്രി ഇടിച്ചു നിരത്തിയ സംഭവം പ്രതിഷേധത്തിനു തിരികൊളുത്തി. കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവര്‍ത്തകര്‍ പൊലീസിലും പഞ്ചായത്തിലും പരാതി നല്കി. ഇതിനെതിരെ കൂട്ടായ്മയും സംഘടിപ്പിച്ചു ശക്തമായ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ ഇടിച്ചു നിരത്തിയത് ആരെന്നതിനു തെളിവില്ലെന്നും അന്വേഷിക്കാന്‍ പൊലീസിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന് അറിയിച്ചു. വസ്തു പഞ്ചായത്തിലേക്കു തന്നെ കണ്ടു കെട്ടാനുള്ള നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ പഞ്ചായത്ത് രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നാണു പൊലീസ് പറഞ്ഞത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കിയോസ്കിനോടു ചേര്‍ന്നുള്ള വസ്തുവിന്റെ ഉടമയെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ആരുടെ പേരിലും കേസെടുത്തിട്ടില്ലെന്നും, പഞ്ചായത്ത് രേഖാ മൂലം ആവശ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
റേഡിയോ സജീവമാകുന്നതിനു മുന്‍പ് ഗ്രാമീണ ജനതയ്ക്ക് വാര്‍ത്തകളും മറ്റു വിവരങ്ങളും എത്തിക്കാന്‍ വേണ്ടി ആരംഭിച്ച പദ്ധതിയാണു റേഡിയോ കിയോസ്കുകള്‍. ഒരു പഞ്ചായത്തില്‍ തന്നെ അനവധി കിയോസ്കുകളാണു നിര്‍മിച്ചത്. സേവന
മനോഭാവത്തോടെ സ്വകാര്യ വ്യക്തികള്‍ പഞ്ചായത്തിന് വിട്ടു കൊടുത്ത ഒരു സെന്റ് വസ്തുവിലാണു പലയിടത്തും ഇത്തരം കിയോസ്കുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവ ഇന്നും പഞ്ചായത്തുകളുടെ വകയായി തുടരുന്നു.
ആധുനികതയുടെ കടന്നു കയറ്റത്തില്‍ റേഡിയോ കിയോസ്കുകളുടെ പ്രാധാന്യം നഷ്ടമായതോടെ ഇവ നോക്കി നടത്താന്‍ ആരുമില്ലാതെ നാശത്തിലേക്കു പതിക്കുകയായിരുന്നു. പഞ്ചായത്തുകള്‍ ഇവയെക്കുറിച്ചു ശ്രദ്ധിക്കാതെയായി. ഉപകരണങ്ങള്‍ നശിച്ചു. റേഡിയോ കിയോസ്കുകള്‍ പലയിടത്തും മൂത്രപ്പുരകളായി മാറി. എന്നാല്‍ ഇന്നും റേഡിയോയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ അവശേഷിക്കുന്ന റേഡിയോ കിയോസ്കുകള്‍ സംരക്ഷിച്ച് പഞ്ചായത്തിന്റെ മുതല്ക്കൂട്ടാക്കണമെന്നാണു സാംസ്കാരിക പ്രവര്‍ത്തകരുടെ ആവശ്യം.


